ഗ്യാനേഷ് കുമാറിന്റെ അധികാരങ്ങൾക്ക് തിരിച്ചടിയോ? സുപ്രീം കോടതി ഇടപെടലിൽ പ്രതീക്ഷയോടെ പ്രതിപക്ഷം
ഗ്യാനേഷ് കുമാറിനും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചതോടെ SIR നടപടികളുടെയും വോട്ടർപട്ടികയിലെ മാറ്റങ്ങളുടെയും നിയമസാധുത നിർണായക പരിശോധനയിലേക്ക്.
പ്രതിപക്ഷ സമരങ്ങൾ വിജയത്തിലേക്ക് കടക്കുകയാണ്. അതിൽ എന്തൊക്കെ നടപടിയുണ്ടാകുമോ അല്ലെങ്കിൽ ഗ്യാനേഷ് കുമാർ രാജിവെക്കുമോ എന്നതിനെല്ലാം അപ്പുറം ആദ്യം തന്നെ ഒന്ന് മനസ്സിലാക്കേണ്ടത്, ഉന്നയിച്ച കാര്യങ്ങൾ എല്ലാം സത്യമെന്ന് കോടതിക്ക് ബോധ്യപ്പെടുന്നു എന്നുള്ളതാണ്. അതിന്റെ വ്യക്തമായ തെളിവാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന് അടക്കം സുപ്രീം കോടതി നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർക്കുള്ള ചില അധികാരങ്ങൾ ദുരുപയോഗം ചെയ്താലും അദ്ദേഹത്തെ ഭരണത്തിന്റെ മറവിൽ സംരക്ഷിക്കാം എന്നുള്ള ധൈര്യമാണ് മോദിയെ നയിക്കുന്നതെങ്കിൽ എല്ലാ തോന്ന്യാസങ്ങളും അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് സുപ്രീം കോടതി നൽകുന്നത്. അതുകൊണ്ടുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചതിന് പിന്നിൽ നിർണായകമായ ചില ഭരണഘടനാപരമായ ലക്ഷ്യങ്ങളാണുള്ളത് എന്നാണ് വ്യക്തമാകുന്നത്. രാജ്യവ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന പ്രത്യേക തീവ്ര പുനഃപരിശോധന അഥവാ SIR നടപടികളിലെയും ഫോം 6-ലെ മാറ്റങ്ങളിലെയും നിയമസാധുതയാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. ആ കാര്യത്തിൽ കള്ളം പറയുകയും സുപ്രീം കോടതിയെ തന്നെ വിവാദങ്ങളിൽ നിർത്തുകയും ചെയ്ത ഗ്യാനേഷ് കുമാറിന്റെ ഓരോ പരിപാടികളും അരിച്ചുപെറുക്കിയായിരിക്കും സുപ്രീം കോടതിയുടെ ഇനിയുള്ള നീക്കം.
ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പാക്കുന്നതിന് സുപ്രീം കോടതി ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം യാതൊരു കാരണവശാലും നിഷേധിക്കപ്പെടരുതെന്ന കർശന നിലപാടാണ് സുപ്രീം കോടതിക്കുള്ളത്. വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് അട്ടിമറി നടക്കുന്നുണ്ടോ എന്നതിൽ സുതാര്യമായ ജുഡീഷ്യൽ പരിശോധനയാണ് കോടതി ലക്ഷ്യമിടുന്നത്. ഗ്യാനേഷ് കുമാറിനെതിരെ എന്തെങ്കിലും തെളിവ് കിട്ടുന്നതോടെ കർശന നടപടിയിലേക്ക് കടക്കും എന്നുള്ളതിന്റെ സൂചനയാണ് അത്.
അതുപോലെതന്നെ, ഏകപക്ഷീയമായ തീരുമാനങ്ങൾ പരിശോധിക്കലും കോടതിയുടെ ഭാഗത്തുനിന്നുള്ള നടപടിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ആവശ്യമായ സമവായമോ ഭൂരിപക്ഷ തീരുമാനങ്ങളോ ഇല്ലാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രം ഏകപക്ഷീയമായി നിർണായക തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അത്തരം തീരുമാനങ്ങൾ നിയമപരമല്ലെങ്കിൽ അവ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ SIR-ൽ അടക്കം കോടിക്കണക്കിന് വോട്ടുകൾ ഇല്ലാതാക്കിയതിന്റെയെല്ലാം തിരിച്ചടി ബിജെപിക്ക് പ്രതീക്ഷിക്കാം എന്ന് തന്നെയാണ് സൂചന ലഭിക്കുന്നത്. മറ്റൊന്ന് തെളിവുകളും രേഖകളും സംരക്ഷിക്കലാണ് കോടതി ലക്ഷ്യം വെക്കുന്നത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകളോ ഡാറ്റയോ മാറ്റുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുതെന്ന് ഉറപ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം. കേസിന്റെ തുടർന്നുള്ള നടപടികൾക്കായി കൃത്യമായ ഔദ്യോഗിക സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകുക വഴി വിഷയം നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിരീക്ഷിക്കാൻ കോടതിക്ക് സാധിക്കും. ചുരുക്കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നിയമപരമായ സുതാര്യതയും പക്ഷപാതമില്ലായ്മയും ഉറപ്പുവരുത്തുക എന്നതാണ് സുപ്രീം കോടതിയുടെ പ്രധാന ലക്ഷ്യം എന്നുള്ളത് ഉറപ്പാണ്. അതിൽ ചിലപ്പോൾ ഗ്യാനേഷ് കുമാറിന്റെ കസേര തന്നെ തെറിച്ചാലും അത്ഭുതപ്പെടാനില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)