ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ; പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും
ഇടുക്കി: ഭൂപ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് ഇടുക്കി ജില്ലയിൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കഡസ്ട്രൽ മാപ്പിലെ അവ്യക്തതകൾ പരിഹരിക്കുക, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം മുന്നോട്ടുവെക്കുന്നത്.
ഹർത്താൽ മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യത്തിൽ നേരിടേണ്ടിവന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാൻ പരീക്ഷാ ബോർഡ് തീരുമാനിച്ചത്. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
ആശുപത്രി, പാൽ വിതരണം, പത്രവിതരണം തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്കും ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)