വ്യാജ ഒപ്പിട്ട് കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേടോ? കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർക്കെതിരെ ആരോപണം
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ. സുഗതൻ മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രജിസ്റ്ററിൽ ഒപ്പ്; മേയർ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി എസ്.പി. ദീപക്
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി കാണിക്കാൻ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി സിപിഎം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സുഗതന്റെ പേരിൽ ഒപ്പിട്ടതായി ആരോപണം ഉയർന്നിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വാദം.
സുഗതനെ അയോഗ്യനാകുന്നതിൽ നിന്ന് സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രജിസ്റ്ററിൽ ക്രമക്കേട് നടത്തിയതെന്നും എസ്.പി. ദീപക് ആരോപിച്ചു. ആറ് മാസത്തോളം തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് വ്യാജ ഒപ്പ് രേഖപ്പെടുത്തിയതെന്നാണ് ആരോപണം.
മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതെന്നും സുഗതനെ സംരക്ഷിക്കാനാണ് ഇതെന്നും എസ്.പി. ദീപക് ആരോപിച്ചു. എന്നാൽ ആരോപണത്തിൽ മേയർ ഓഫീസിന്റെയോ ബിജെപിയുടെയോ വിശദീകരണം പുറത്തുവന്നിട്ടില്ല.
കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും എസ്.പി. ദീപക് പറഞ്ഞു. ഇത് സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവരാതിരിക്കാൻ ബോധപൂർവം ദൃശ്യങ്ങൾ മറച്ചുവെച്ചതാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
തിരുവനന്തപുരം നഗരസഭയിൽ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ സിപിഎം നേരത്തെ ഉയർത്തിയിരുന്ന ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുന്നതാണ് ഇപ്പോഴത്തെ സംഭവമെന്നും എസ്.പി. ദീപക് പറഞ്ഞു. മേയർ സ്ഥാനം ഉറപ്പാക്കുന്നതിനായി ബിജെപിയും ആർഎസ്എസും ക്രമക്കേട് നടത്തിയെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകിയതായി എസ്.പി. ദീപക് അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരും യുഡിഎഫും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)