ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി–പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം
Education news
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026–27 അധ്യയന വർഷത്തെ ജൂലൈ–ഓഗസ്റ്റ് സെഷൻ യു.ജി–പി.ജി പ്രവേശനത്തിന് ഇന്ന് (ജൂലൈ 5) മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഓഗസ്റ്റ് 4 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.sgou.ac.in വഴിയാണ് രജിസ്ട്രേഷൻ.
ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) രീതിയിൽ ആകെ 28 യു.ജി–പി.ജി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഇതിൽ 10 മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളും ആറു നാല് വർഷ ഓണേഴ്സ് (FYUGP) ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഉൾപ്പെടുന്നു. എം.ബി.എ, എം.സി.എ പ്രവേശന വിജ്ഞാപനം ജൂലൈ പകുതിയോടെ പുറത്തിറങ്ങുമെന്ന് സർവകലാശാല അറിയിച്ചു.
കേരളമൊട്ടാകെ അഞ്ച് റീജണൽ സെന്ററുകളുടെ പരിധിയിലായി 51 പഠനകേന്ദ്രങ്ങളാണ് സർവകലാശാലയ്ക്കുള്ളത്. നിലവിൽ 85,000-ത്തിലധികം പഠിതാക്കൾ വിവിധ കോഴ്സുകളിൽ പഠിക്കുന്നുണ്ട്. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ യോഗ്യതയുള്ള എല്ലാവർക്കും പഠനാവസരം ഒരുക്കുന്നതും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.) നിർബന്ധമല്ലാത്തതുമാണ് സർവകലാശാലയുടെ പ്രത്യേകത.
പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ പത്താം ക്ലാസിന് ശേഷം സർക്കാർ/എ.ഐ.സി.ടി.ഇ അംഗീകൃത രണ്ടോ മൂന്നോ വർഷ ഡിപ്ലോമ നേടിയവർക്കും ബിരുദ പ്രവേശനത്തിന് അർഹതയുണ്ട്. ഡിഗ്രി ഏത് വിഷയത്തിലായാലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനും അവസരമുണ്ട്.
സർവകലാശാലയുടെ എല്ലാ യു.ജി–പി.ജി പ്രോഗ്രാമുകളും യു.ജി.സി–ഡി.ഇ.ബി അംഗീകാരത്തോടെയാണ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. യു.ജി.സി റെഗുലേഷൻ 22 (2020) പ്രകാരം ഓപ്പൺ സർവകലാശാലയുടെ ബിരുദങ്ങൾ റെഗുലർ ബിരുദത്തിന് തുല്യമായ അംഗീകാരവും വെയ്റ്റേജും ലഭിക്കുന്നവയാണെന്നും അധികൃതർ വ്യക്തമാക്കി.
നൈപുണ്യ വികസനത്തിനും തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിഷ്കരിച്ച സിലബസ് തയ്യാറാക്കിയിരിക്കുന്നത്. മൾട്ടി ഡിസിപ്ലിനറി, ഇന്റർഡിസിപ്ലിനറി കോഴ്സുകൾ, ഇന്റേൺഷിപ്പ്, പ്രോജക്ട്, MOOC കോഴ്സുകൾ എന്നിവയ്ക്കും അവസരമുണ്ട്.
യു.ജി.സി മാനദണ്ഡപ്രകാരം ഡ്യുവൽ ഡിഗ്രി സംവിധാനവും സർവകലാശാലയിൽ ലഭ്യമാണ്. നിലവിൽ മറ്റൊരു സർവകലാശാലയിലോ കോളേജിലോ റെഗുലർ അല്ലെങ്കിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരേസമയം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിലും ചേർന്ന് പഠിക്കാം.
പ്രവേശനത്തിന് മുമ്പ് എല്ലാ വിദ്യാർഥികളും നിർബന്ധമായും ABC-ID, DEB-ID എന്നിവ എടുക്കണം. കോഴ്സുകൾ, ഫീസ്, യോഗ്യത, പഠനകേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9188909901, 9188909902 എന്നീ നമ്പറുകളിലും സാങ്കേതിക സഹായത്തിന് 9188909903 എന്ന നമ്പറിലും ബന്ധപ്പെടാം.