ആരാവും ഉപപ്രധാനമന്ത്രി; ലക്ഷ്യം ഭരണഘടനാ മാറ്റങ്ങള്‍

സുരേഷ് ഗോപി സഹമന്ത്രി പദം വഹിക്കുന്ന പെട്രോളിയം മന്ത്രാലയത്തിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. കാബിനറ്റ് പദവി വഹിക്കുന്ന മുന്‍ നയതന്ത്രോദ്യോഗസ്ഥന്‍ ഹര്‍ദീപ് സിംഗ് പുരിക്ക് സ്ഥാനം നഷ്ടപ്പടുമെന്നുറപ്പാണ്

Jul 04, 2026 - 19:45
0
ആരാവും ഉപപ്രധാനമന്ത്രി; ലക്ഷ്യം ഭരണഘടനാ മാറ്റങ്ങള്‍

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുറച്ച് എന്‍.ഡി.എ. ആദ്യപടിയെന്ന നിലയില്‍ ഉടച്ചുവാര്‍ക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ വലിയ മാറ്റങ്ങളുണ്ടാവും. മാറ്റിനിര്‍ത്തേണ്ടവരുടെയും പദവി ഉയര്‍ത്തേണ്ടവരുടയും പട്ടിക ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചുവെന്നാണ് സൂചന. 
സുരേഷ് ഗോപി സഹമന്ത്രി പദം വഹിക്കുന്ന പെട്രോളിയം മന്ത്രാലയത്തിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. കാബിനറ്റ് പദവി വഹിക്കുന്ന മുന്‍ നയതന്ത്രോദ്യോഗസ്ഥന്‍ ഹര്‍ദീപ് സിംഗ് പുരിക്ക് സ്ഥാനം നഷ്ടപ്പടുമെന്നുറപ്പാണ്. എപ്പ്സ്റ്റീൻ  ലൈംഗിക വിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ട പേരാണ് പുരിയുടേത്. കേന്ദ്ര സര്‍ക്കാരിന് കനത്ത ദുഷ്‌പേരുണ്ടാക്കിയ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും തെറിക്കും. രണ്ടു പേര്‍ക്കും പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്‍കിയേക്കും. ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാണ്. ആ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിസഭയില്‍ കൂടുതല്‍ പ്രതിനിധികളെ ഉള്‍പെടുത്തും. വലിയ തോതിലുള്ള മന്ത്രിസഭാ വികസനവും വകുപ്പു മാറ്റവുമാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തീരുമാനങ്ങളാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്. 

അമിത് ഷായുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടുന്ന രീതിയിലായിരിക്കും പുനഃസംഘടനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിന് പുറമെ അമിത് ഷായെ ഉപപ്രധാനമന്ത്രിയായി ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. അമിത് ഷാ ഇപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനാണ്. ഉപപ്രധാനമന്ത്രി പദവി കൊണ്ട് ആ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാവാന്‍ പോവുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ വ്യക്തമായ നാഴികക്കല്ലായിരിക്കും അമിത് ഷായുടെ ഉപപ്രധാനമന്ത്രി പദവി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്‍ഗാമിയായി വരേണ്ടത് അമിത് ഷായാണ് എന്ന സന്ദേശമായിരിക്കും അത്. നിതിന്‍ നബിന്റെ കീഴിലുള്ള ബി.ജെ.പി ദേശീയ സമിതിക്ക് വ്യക്തമായ രൂപവും ഭാവവും നല്‍കാന്‍ കൂടി പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. മോഡി പ്രധാനമന്ത്രിയായ ശേഷം നാടകീയമായ മന്ത്രിസഭാ പുനഃസംഘടന അവസാനം ഉണ്ടായത് 2021ലാണ്. അന്ന് 36 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പെടുത്തിയത്. ചിലരെ നീക്കം ചെയ്യുകയും ചെയ്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User