നൂറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയ ഇടം; സ്ത്രീകളെ പിന്നോട്ടയക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി റോജി എം. ജോൺ
നൂറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയ സ്ത്രീകളുടെ അവകാശങ്ങളും ഭരണഘടനാപരമായ തുല്യതയും ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് സ്ത്രീകൾ പൊതുമണ്ഡലത്തിൽ തങ്ങളുടെ ഇടം നേടിയതെന്നും ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം ഇല്ലാതാക്കാൻ ആർക്കും അവകാശമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സ്ത്രീകളെ അരങ്ങുകളിൽ നിന്നും പൊതുമണ്ഡലങ്ങളിൽ നിന്നും അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉയരുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നേടിയ മുന്നേറ്റം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ലെന്നും നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണിതെന്നും റോജി എം. ജോൺ വ്യക്തമാക്കി. മാറുമറയ്ക്കാനുള്ള അവകാശത്തിനായി നടന്ന പോരാട്ടം മുതൽ കേരള നവോത്ഥാന ചരിത്രത്തിലെ സ്ത്രീകളുടെ ശക്തമായ ഇടപെടലുകൾ വരെ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത ആര്യ പള്ളം, ജാതിവിവേചനങ്ങളെ മറികടന്ന് ഭരണഘടനാ നിർമാണ സഭയിലെത്തിയ ദാക്ഷായണി വേലായുധൻ, സ്വാതന്ത്ര്യസമരത്തിൽ നിർഭയമായി മുന്നിട്ടിറങ്ങിയ അക്കാമ്മ ചെറിയാൻ എന്നിവരുടെ പോരാട്ടങ്ങൾ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ നിർണായക അധ്യായങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാവിത്രിഭായ് ഫൂലെ വിദ്യാഭ്യാസരംഗത്ത് തെളിച്ച വെളിച്ചം കോടിക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള കരുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്ത്രീകൾ ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും തങ്ങളുടെ കഴിവ് തെളിയിക്കുകയാണ്. രാഷ്ട്രീയം, ഭരണരംഗം, ശാസ്ത്രം, ഗവേഷണം, സിവിൽ സർവീസ് തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപതി മുർമു പ്രവർത്തിക്കുന്നത് സ്ത്രീ മുന്നേറ്റത്തിന്റെ ശക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗം, ജാതി, മതം എന്നിവയുടെ പേരിൽ സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി.
“ഭരണഘടനാപരമായ തുല്യത റദ്ദാക്കാനുള്ള ലൈസൻസ് ഒരാൾക്കുമില്ല. ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ് തിരിയുന്നത്. അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും,” മന്ത്രി പറഞ്ഞു.
“Smash the Patriarchy” എന്ന ആഹ്വാനത്തോടെയാണ് റോജി എം. ജോൺ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)