മീനച്ചിലാറ്റിലൂടെ ഒഴുകിയത് മലമ്പുഴ ഡാമിന്റെ ഇരട്ടി വെള്ളം; മണിമലയാറ്റിൽ കല്ലടയേക്കാൾ കൂടുതൽ

During a week of heavy rainfall, the Meenachil river in Kottayam carried twice the live storage capacity of the Malampuzha dam

Aug 12, 2026 - 16:05
0
മീനച്ചിലാറ്റിലൂടെ ഒഴുകിയത് മലമ്പുഴ ഡാമിന്റെ ഇരട്ടി വെള്ളം; മണിമലയാറ്റിൽ കല്ലടയേക്കാൾ കൂടുതൽ

പെരുമഴ തകർത്ത പെയ്ത ഒരാഴ്ചയ്ക്കിടെ കോട്ടയം ജില്ലയിലെ പ്രധാന നദികളിലൂടെ ഒഴുകിപ്പോയത് വൻ ജലസഞ്ചയം. ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയത് മലമ്പുഴ ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ രണ്ടിരട്ടി വെള്ളമാണ്. മണിമലയാറ്റിൽ ഒഴുകിയതാകട്ടെ കൊല്ലം ജില്ലയിലെ കല്ലട ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ കൂടുതൽ വെള്ളവും. ജില്ലാ ഹൈഡ്രോളജി വിഭാഗത്തിന്റെ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്കുകളാണ് ഇത്തവണത്തെ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഭീകരാവസ്ഥ വ്യക്തമാക്കുന്നത്.

ഹൈഡ്രോളജി വിഭാഗത്തിന്റെ പേരൂർ സ്റ്റേഷനിലെ അളവുപ്രകാരം 416 മില്യൻ ക്യുബിക് മീറ്റർ വെള്ളമാണ് മീനച്ചിലാറിലൂടെ ഒഴുകിപ്പോയത്. 214 മില്യൻ ക്യുബിക് മീറ്ററാണ് മലമ്പുഴ ഡാമിന്റെ ലൈവ് സ്റ്റോറേജ്. മണിമല സ്റ്റേഷനിലെ കണക്കുപ്രകാരം മണിമലയാറ്റിലൂടെ 576 മില്യൻ ക്യുബിക് മീറ്റർ വെള്ളം ഒഴുകി. 507 മില്യൻ ക്യുബിക് മീറ്ററാണ് കല്ലട ഡാമിന്റെ ലൈവ് സ്റ്റോറേജ്. ഡാമുകളിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന വെള്ളത്തിന്റെ അളവാണ് ലൈവ് സ്റ്റോറേജ് അഥവാ ഉപയോഗയോഗ്യമായ ജലം എന്ന് പറയുന്നത്.

ഇത്തവണ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും ജനങ്ങളുടെ ദുരിതവും വർധിക്കാൻ പ്രധാന കാരണം നദികളിൽ നിന്ന് വെള്ളം വളരെ സാവധാനം മാത്രം ഒഴുകിമാറിയതാണ്. സാധാരണ വെള്ളപ്പൊക്ക സമയത്ത് വെള്ളക്കെട്ട് നീണ്ടുനിൽക്കാറുള്ളതിനേക്കാൾ ഇരട്ടിയിലേറെ സമയമെടുത്താണ് ഇത്തവണ പലയിടത്തും വെള്ളം ഇറങ്ങിയത്.

കിഴക്കൻ മേഖലയായ ഈരാറ്റുപേട്ടയിൽ സാധാരണ 2 മുതൽ 4 മണിക്കൂർ വരെ മാത്രം വെള്ളപ്പൊക്കം നിൽക്കുന്ന സ്ഥാനത്ത് ഇത്തവണ 8 മണിക്കൂറോളം വെള്ളക്കെട്ട് തുടർന്നു. സമതല പ്രദേശമായ പാലായിൽ സാധാരണ അര ദിവസം മുതൽ ഒരു ദിവസം വരെ മാത്രം നിൽക്കാറുള്ള വെള്ളപ്പൊക്കം ഇത്തവണ 3 ദിവസത്തോളമാണ് നീണ്ടുനിന്നത്. പടിഞ്ഞാറൻ മേഖലയോട് അടുത്ത പ്രദേശമായ പേരൂരിൽ സാധാരണ 2 മുതൽ 3 ദിവസം വരെ നിലനിൽക്കുന്ന വെള്ളക്കെട്ട് ഇത്തവണ 5 ദിവസത്തോളം നീണ്ടു. പടിഞ്ഞാറൻ മേഖലയായ കുമരകത്ത് സാധാരണ 6 മുതൽ 8 ദിവസം വരെ വെള്ളം നിൽക്കാറുള്ള സ്ഥാനത്ത് ഇത്തവണ 10 ദിവസത്തോളമാണ് പ്രദേശം വെള്ളത്തിനടിയിലായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User