രാജി അംഗീകരിച്ച് അമ്മ; നന്ദിയെന്ന് പേരടി

രാജി അംഗീകരിച്ച് അമ്മ; നന്ദിയെന്ന് പേരടി

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടന്‍ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്. രാജി അംഗീകരിച്ചതില്‍ അമ്മയോട് നടന്‍ നന്ദി അറിയിക്കുകയും ചെയ്തു. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെയാണ് അമ്മയില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് ഹരീഷ് പേരടി അറിയിച്ചത്. 'അ.ങ.ങ.അ യുടെ പ്രിയപ്പെട്ട  പ്രസിഡന്റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അ.ങ.ങ.അ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വ്വം' എന്നാണ് രാജി അറിയിച്ചു കൊണ്ട് ഹരീഷ്‌പേരടി കുറിച്ചത്.