ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകന്‍

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകന്‍

   ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴയില്ലാത്തതിനാല്‍, ഹിന്ദു ദൈവമായ ഇന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകന്റെ പരാതി.പരാതി ജില്ലാ ഭരണാധികാരിക്ക് കൈമാറി തഹസില്‍ദാര്‍.

ഹിന്ദു മതത്തില്‍ ഇന്ദ്രനെ മഴയുടെ ദൈവമായാണ് കണക്കാക്കുന്നത്. ജൂലായ് 16ന് സുമിത് കുമാര്‍ യാദവ് എന്ന കര്‍ഷകനാണ് ഇന്ദ്രനെതിരെ പരാതി സമര്‍പ്പിച്ചത്. പരാതി സ്വീകരിച്ച തഹസില്‍ദാര്‍, ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി അത് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്ത് നല്ല മഴ ലഭിക്കാത്തതിനാല്‍ ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് കേണല്‍ഗഞ്ച് തഹസില്‍ദാര്‍ക്ക് സുമിത് കുമാര്‍ യാദവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ നടപടികള്‍ക്കായി തഹസില്‍ദാര്‍ ഈ കത്ത് ഡി.എം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി മഴ പെയ്തിട്ടില്ല. വരള്‍ച്ച കാരണം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യം മൃഗങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിച്ചു. ഇതുമൂലം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാല്‍, ഈ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' സുമിത് കുമാര്‍ യാദവ് കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ അധികാരികള്‍ വിഷയം ഏറ്റെടുക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജില്ലാ ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഡി.എം ഡോ.ഉജ്ജ്വല് കുമാര്‍ പറഞ്ഞു. കേസ് അന്വേഷണത്തിനായി സി.ആര്‍.ഒ ജയ് യാദവിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.