മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണ്ണർ ഒപ്പുവെച്ചു

31 പേരുടെ ജീവനപഹരിച്ച കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതി

മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണ്ണർ ഒപ്പുവെച്ചു

  22 വർഷമായി ശിക്ഷ അനുഭവിക്കുന്ന കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഗവർണർക്ക് നൽകിയ ശുപാർശ അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫയലിൽ ഒപ്പുവെച്ചു. മറ്റു 33 പേരുടെ ശിക്ഷ ഇളവു ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മുഴുവൻ പ്രതികളും പുറത്തിറങ്ങും. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട മണിച്ചൻ ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരിയിലേക്കു മാറ്റിയത്. മന്ത്രിസഭയുടെ ശുപാർശ ഒന്നരമാസം മുമ്പ് ഗവർണർക്ക് അയച്ചെങ്കിലും ഇപ്പോഴാണ് ഒപ്പിട്ടത്. ഇതോടെ കേരളത്തിൽ രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ മദ്യദുരന്ത കേസിലെ പ്രതി ജയിലിനു പുറത്തെത്തും. മണിച്ചന്റെ കയ്യിൽനിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. കേസിലെ പ്രതികളും മണിച്ചന്റെ സഹോദരൻമാരുമായ കൊച്ചനി, മണികണ്ഠൻ എന്നിവർ‌ക്കു സർക്കാർ കഴിഞ്ഞവർഷം ശിക്ഷാ ഇളവ് നൽകിയിരുന്നു. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2000 ഒക്ടോബർ 20നാണ് മദ്യദുരന്തം ഉണ്ടായത്. ദുരന്തത്തിൽ 31പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു.