ജയരാജനെതിരെയുള്ള കേസിൽ യൂത്ത് കോൺഗ്രസുകാർ മൊഴി നൽകാൻ പോകുന്നതിൽ അവ്യക്തത
ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻ കുമാറും മൊഴി നൽകാൻ പോകുന്നതിൽ അവ്യക്തത.
മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമം നടത്തിയെന്നുള്ള കേസിൽ പ്രതികളായതിനാൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന് ജാമ്യ വ്യവസ്ഥയിലുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ മൊഴി നൽകാൻ പോവില്ലെന്ന നിലപാടിലാണ് ഇരുവരും.
ഇവരുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ രണ്ട് പഴ്‌സനൽ സ്റ്റാഫുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൺമാൻ അനിൽ കുമാർ, പി.എ.സുനീഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഈ മാസം 26നും 27നുമാണ് ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും മൊഴി രേഖപ്പെടുത്താനായി കേസ് അന്വേഷിക്കുന്ന വലിയതുറ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്.
വിമാനത്തിനുള്ളിൽ മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ച് ഇ.പി.ജയരാജൻ ഉൾപ്പെടെ 3 പേർക്കെതിരെയാണ് യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയത്. വലിയതുറ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് നിലവിൽ സിഐ ആണ് അന്വേഷിക്കുന്നത്. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും.