പഠിക്കാം കാഴ്ചയുടെ ലോകം : 'കണ്ണ് തുറപ്പിക്കുന്ന' കോഴ്‌സുകൾ

Aug 22, 2026 - 20:23
0
പഠിക്കാം കാഴ്ചയുടെ ലോകം : 'കണ്ണ് തുറപ്പിക്കുന്ന' കോഴ്‌സുകൾ

"കണ്ണടച്ചാൽ ഇരുട്ടാകും" എന്ന പഴഞ്ചൊല്ല് കരിയറിന്റെ കാര്യത്തിലും നൂറ് ശതമാനം ശരിയാണ്. ലോകത്ത് എത്രയൊക്കെ സാങ്കേതിക വിദ്യകൾ വളർന്നാലും, മനുഷ്യന് കാഴ്ചയുള്ളിടത്തോളം കാലം മങ്ങാത്ത ഒന്നുണ്ട് - കണ്ണിന്റെ ആരോഗ്യ സംരക്ഷണം. കമ്പ്യൂട്ടറിനും മൊബൈൽ സ്‌ക്രീനുകൾക്കും മുന്നിൽ ജീവിതം ഹോമിക്കുന്ന ഈ പുതിയ കാലത്ത് നേത്രരോഗ വിദഗ്ദ്ധർക്കും അനുബന്ധ പ്രഫഷനലുകൾക്കുമുള്ള ഡിമാൻഡ് പറയേണ്ടതില്ലല്ലോ.

ഒരു കരിയർ എന്ന നിലയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ് മേഖലകളിൽ തിരഞ്ഞെടുക്കാവുന്ന ചില കിടിലൻ കോഴ്‌സുകളെയും സാധ്യതകളെയും പരിചയപ്പെടാം.

 ഒഫ്താൽമോളജി :

എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം കണ്ണിന്റെ സർജറിയും ചികിത്സയും സ്പെഷലൈസേഷൻ ആയി തിരഞ്ഞെടുക്കുന്നവരാണിവർ.

 MS Ophthalmology അല്ലെങ്കിൽ Diploma in Ophthalmology (MBBS-ന് ശേഷം).

പ്രവേശനം: എം.ബി.ബി.എസ് നേടിയ ശേഷം, NEET-PG പരീക്ഷ വഴിയാണ് ഒഫ്താൽമോളജി സീറ്റ് ലഭിക്കുക.

തൊഴിൽ സാധ്യതകൾ: സർക്കാർ/സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ഐ ഹോസ്പിറ്റലുകളിൽ സർജൻ, കൺസൾട്ടന്റ്. സ്വന്തമായി ഐ ക്ലിനിക്കുകൾ തുടങ്ങാം.

ഒപ്‌റ്റോമെട്രി (കാഴ്ചയുടെ കാവൽക്കാർ) :

കാഴ്ച പരിശോധിക്കുന്നതിലും കണ്ണടകളുടെയും കോൺടാക്റ്റ് ലെൻസുകളുടെയും പവർ കൃത്യമായി നിശ്ചയിക്കുന്നതിലും വിദഗ്ദ്ധരെ വാർത്തെടുക്കുന്ന പഠന മേഖലയാണിത്.

കോഴ്‌സ്: B.Sc Optometry / Bachelor of Optometry (4 വർഷത്തെ പ്രഫഷനൽ കോഴ്‌സ് - 3 വർഷം പഠനവും 1 വർഷം ഇന്റേൺഷിപ്പും).

 പ്രവേശനം: പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. 

എവിടെ പഠിക്കാം:

ഗവ. മെഡിക്കൽ കോളജുകൾ, സ്വാശ്രയ മെഡിക്കൽ/പാരാമെഡിക്കൽ കോളജുകൾ.

തൊഴിൽ സാധ്യതകൾ: ഹോസ്പിറ്റലുകളിൽ ഒപ്‌റ്റോമെട്രിസ്റ്റ്, വൻകിട ഐ-കെയർ ബ്രാൻഡുകളിൽ റീട്ടെയിൽ സ്റ്റോർ മാനേജർ/കൺസൾട്ടന്റ്. സ്വന്തമായി ഒപ്റ്റിക്കൽ ഷോപ്പുകളും കാഴ്ച പരിശോധന കേന്ദ്രങ്ങളും തുടങ്ങാം. വിദേശത്ത് (പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ) മികച്ച ജോലി സാധ്യതയുമുണ്ട്.

 ഒഫ്താൽമിക് അസിസ്റ്റന്റ് :

ഡോക്ടർമാരെ പരിശോധനകളിൽ സഹായിക്കുകയും പ്രിലിമിനറി ടെസ്റ്റുകൾ നടത്തുകയും ചെയ്യുന്നതിന് പ്രാപ്തമാക്കുന്നു.

കോഴ്‌സ്: Diploma in Ophthalmic Assistance (D.O.A) (2 വർഷത്തെ ഡിപ്ലോമ കോഴ്‌സ്).

 പ്രവേശനം: പ്ലസ് ടു സയൻസ് മാർക്കിന്റെ അടിസ്ഥാനത്തിൽ. 

തൊഴിൽ സാധ്യതകൾ: ചെറുതും വലുതുമായ കണ്ണ് ആശുപത്രികളിൽ ഒഫ്താൽമിക് അസിസ്റ്റന്റ് തസ്തികകളിൽ ജോലി ലഭിക്കും. 

ബയോമെഡിക്കൽ എൻജിനീയറിങ് / മെഡിക്കൽ ഇലക്ട്രോണിക്സ് :ആശുപത്രികളിലെ ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്ന ഈ എൻജിനീയറിങ് മേഖലയിൽ

കണ്ണ് പരിശോധിക്കുന്ന അത്യാധുനിക കമ്പ്യൂട്ടറൈസ്ഡ് മെഷീനുകൾ, ലേസർ സർജറി ഉപകരണങ്ങൾ എന്നിവയും രൂപകൽപ്പന ചെയ്യുന്നു.

കോഴ്‌സ്: B.Tech / M.Tech in Biomedical Engineering / Medical Electronics.

പ്രവേശനം: പ്ലസ് ടുവിന് ശേഷം കേരള എൻട്രൻസ് (KEAM) വഴിയോ ദേശീയതലത്തിൽ JEE വഴിയോ പ്രവേശനം നേടാം.

 ബി.ടെക് എവിടെ പഠിക്കാം:

മോഡൽ എൻജിനീയറിങ് കോളേജ് (MEC), തൃക്കാക്കര, കൊച്ചി.

ഗവ. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ (GEC).

സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തൃശൂർ.

ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലം.

ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ASIET), എറണാകുളം.

കെ.എം.സി.ടി കോളജ് ഓഫ് എൻജിനീയറിങ് ഫോർ വിമെൻ, കോഴിക്കോട്.

ഐ.ഐ.ടികൾ, എൻ.ഐ.ടികൾ എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് സർക്കാർ/ സ്വകാര്യ മേഖലയിലെ കോളജുകളിലും പഠിക്കാം.

തൊഴിൽ സാധ്യതകൾ: ആഗോള മെഡിക്കൽ ഉപകരണ നിർമാണ കമ്പനികളിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗത്തിൽ എൻജിനീയർ ആകാം. വൻകിട ആശുപത്രികളിൽ ബയോമെഡിക്കൽ എൻജിനീയർ തസ്തികകളിലും അവസരമുണ്ട്.

പ്ലസ് ടുവിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് ജോലി ആഗ്രഹിക്കുന്നവർക്ക് B.Sc Optometry അല്ലെങ്കിൽ Diploma (DOA) മികച്ച ഓപ്ഷനാണ്. കൂടുതൽ സാങ്കേതികതയും വലിയ കോർപ്പറേറ്റ് കരിയറും ലക്ഷ്യമിടുന്നവർക്ക് Biomedical Engineering വഴിയും നീങ്ങാം.

നിങ്ങൾക്കറിയാമോ?

ഡജിറ്റൽ യുഗത്തിൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യം വന്നാലും ഈ മേഖലയെ ബാധിക്കാറില്ല.

രാത്രികാല ഷിഫ്റ്റുകൾ കുറവാണ്: പൊതുവെ കണ്ണ് ആശുപത്രികളും ഒപ്റ്റിക്കൽ ഷോപ്പുകളും ഡേ-ടൈം മാത്രമാണ് പ്രവർത്തിക്കുക. മറ്റു മെഡിക്കൽ/നഴ്സിങ് കരിയറുകളെ അപേക്ഷിച്ച് രാത്രികാല ഡ്യൂട്ടികൾ വളരെ കുറവായിരിക്കും.

 നാട്ടിൽ കരിയർ ആരംഭിക്കുമ്പോൾ തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം താരതമ്യേന കുറവായിരിക്കാം. മികച്ച വരുമാനത്തിലേക്ക് എത്താൻ കുറഞ്ഞത് 2-3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് ഡാർക്ക് റൂമിൽ വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ കണ്ണ് പരിശോധിക്കേണ്ടി വരും. ഇത് കരിയറിന്റെ തുടക്കത്തിൽ വലിയ ക്ഷീണം ഉണ്ടാക്കാം. 

വലിയ ഒപ്റ്റിക്കൽ റീട്ടെയിൽ ബ്രാൻഡുകളിലാണ് ജോലിയെങ്കിൽ, കാഴ്ച പരിശോധിക്കുന്നതോടൊപ്പം നിശ്ചിത എണ്ണം കണ്ണടകളും ലെൻസുകളും വിറ്റഴിക്കാനുള്ള 'സെയിൽസ് ടാർഗെറ്റ്' കൂടി മാനേജ്‌മെന്റ് നൽകിയേക്കാം. ഇത് ചിലർക്ക് മാനസിക സമ്മർദ്ദമുണ്ടാക്കാം.

പ്രായമായവരോടും കുട്ടികളോടും വളരെ ക്ഷമയോടെ ഇടപെടേണ്ടി വരും. ചില രോഗികൾക്ക് തങ്ങളുടെ കാഴ്ചയിലെ പ്രശ്നങ്ങൾ കൃത്യമായി പറയാൻ അറിയില്ലെങ്കിൽ, അവരിൽ നിന്ന് ശരിയായ ഡാറ്റ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

സാങ്കേതികവിദ്യ ദിവസവും മാറുന്നതിനാൽ പുതിയ പരിശോധന മെഷീനുകളെക്കുറിച്ചും ലെൻസുകളെക്കുറിച്ചും നിരന്തരം അപ്‌ഡേറ്റഡ് ആയിരിക്കണം.

കരിയറിന്റെ തുടക്കത്തിലെ കഠിനാധ്വാനവും പ്രഷറും അതിജീവിക്കാൻ തയ്യാറാണെങ്കിൽ, മാന്യമായ ശമ്പളവും സമാധാനപരമായ ജീവിതവും ഉറപ്പുനൽകുന്ന കരിയറാണ് നേത്ര ആരോഗ്യ മേഖല."

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User