പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം. കരിദിനമായി ആചരിക്കും.
ജന്തർ മന്തർ മാർച്ചിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം; സംസ്ഥാന, ജില്ലാ, ബ്ലോക്ക്–മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കൾക്കും എംപിമാർക്കുമെതിരായ ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 8ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്ത്യ സഖ്യ എംപിമാർ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുതിർന്ന നേതാക്കൾ, ഇന്ത്യ സഖ്യത്തിലെ എംപിമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ ഒക്ടോബർ 8ന് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നിർദേശം നൽകിയിരിക്കുന്നത്.
പ്രതിപക്ഷ നേതാക്കളെയും ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള നടപടി ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനുമെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘കറുത്ത ദിനം’ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത പൂർണമായി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഒക്ടോബർ 7നും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ പ്രതിഷേധം തുടരുകയും ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)