എസ്.ഐ.ആറിൽ വൻ തിരുത്തൽ; പ്രതിഷേധം ഫലം കണ്ടു!

എസ്.ഐ.ആർ നടപടികളിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക പ്രചാരണം ആരംഭിച്ചതോടെ, വോട്ടർമാരെ ഒഴിവാക്കിയ നടപടിക്രമങ്ങളും പ്രതിപക്ഷ പ്രതിഷേധത്തിന്റെ സ്വാധീനവും വീണ്ടും ചർച്ചയാകുന്നു.

Oct 13, 2026 - 16:17
Updated: 13 hours ago
0
എസ്.ഐ.ആറിൽ വൻ തിരുത്തൽ; പ്രതിഷേധം ഫലം കണ്ടു!

തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ നാടകത്തിന് പിന്നാലെ അർഹരായ 13 കോടിയോളം വോട്ടർമാരാണ് ലിസ്റ്റിൽ നിന്ന് പുറത്തായത്. ഇതിനെതിരെ ഇന്ത്യ സഖ്യവും കോക്രോച്ച് ജനതാ പാർട്ടിയും ശക്തമായി പ്രതിഷേധിക്കുമ്പോൾ തെറ്റുകൾ തിരുത്തുകയാണ് ഇലക്ഷൻ കമ്മിഷൻ. എസ്.ഐ.ആർ പൂർത്തിയാക്കിയ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ തിരികെ ചേർക്കുന്നതിനായി പ്രത്യേക പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. അപ്പോൾ ഉയരുന്ന ഒരു പ്രധാന ചോദ്യം ഉണ്ട്. ഈ അർഹരായ വോട്ടർമാരെ ആര് പറഞ്ഞിട്ട് ഒഴിവാക്കി. അവർ അർഹരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചതോടെ, ഈ പ്രതിഷേധ പ്രകടനങ്ങൾ നടന്നില്ലായിരുന്നുവെങ്കിൽ ആ അർഹരായ വോട്ടർമാർ ഇപ്പോഴും പുറത്ത് തന്നെ നിൽക്കുമായിരുന്നില്ലേ എന്നാണ് മറ്റൊരു ചോദ്യം.എസ്.ഐ.ആർ സംബന്ധിച്ച തീരുമാനങ്ങൾക്കും നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ചകൾക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെ തുടർന്ന്, എസ്.ഐ.ആർ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം തുടരുന്ന സംസ്ഥാനങ്ങളിൽ, ചീഫ് ഇലക്ടറൽ ഓഫീസർമാർ വോട്ടർ പട്ടികയിൽ തിരികെ ചേർത്ത വോട്ടർമാരുടെ കണക്കുകൾ തെരഞ്ഞെടുപ്പ് പാനൽ കൃത്യമായി പുറത്തുവിടുന്നുണ്ട്.

ഡൽഹിയിലെ 1.45 കോടി വോട്ടർമാരിൽ 47.7 ലക്ഷത്തോളം പേരെ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 2026-ലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷണർ എക്സിൽ സന്ദേശം പങ്കുവെച്ചിരുന്നു. ഡൽഹിയിലെ വോട്ടർ പട്ടികയിലെ ഏകദേശം 33 ലക്ഷം എൻട്രികൾ യുക്തിരഹിതമായ പൊരുത്തക്കേടുകൾ അല്ലെങ്കിൽ മാപ്പിംഗ് നടത്താത്തവയുടെ പരിധിയിലായിരുന്നു. ഇവ പരിഹരിക്കാൻ മുൻകൈയെടുത്ത് പ്രചാരണം ആരംഭിച്ചിരുന്നു. ഇതുവരെ 33 ലക്ഷത്തിൽ 20 ലക്ഷം കേസുകൾ പരിഹരിച്ചു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെടാം. ഇതായിരുന്നു സന്ദേശം.30 ലക്ഷം പേരെ ഒഴിവാക്കിയ കമ്മിഷൻ, പ്രക്ഷോഭം കനത്തപ്പോൾ 20 ലക്ഷം പേരെ തിരിച്ച് വോട്ടർമാരാക്കി. ഇന്ത്യ സഖ്യവും സി.ജെ.പി.യും പ്രതിഷേധവുമായി ഇറങ്ങിയില്ലെങ്കിൽ ഈ 30 ലക്ഷവും വോട്ടവകാശമില്ലാത്ത രണ്ടാം നിര പൗരന്മാരായി തന്നെ ശിഷ്ടകാലം കഴിയുമായിരുന്നു. എസ്.ഐ.ആർ വഴി വൻതോതിൽ ഒഴിവാക്കലുകൾ ഉണ്ടായ പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സി.ഇ.ഒമാരും അർഹരായ വോട്ടർമാർ പുറന്തള്ളപ്പെടില്ലെന്ന് ആവർത്തിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെ 24 ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർമാർ ഇക്കാര്യത്തിൽ സജീവ പ്രചാരണം ആരംഭിച്ചതായി ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ബിഹാറിലെ 38 ഡി.ഇ.ഒമാർ ഈ ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിനായി 90,000-ത്തിലധികം പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷണറും അറിയിച്ചിട്ടുണ്ട്. ഇതോടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ ന്യൂനപക്ഷങ്ങളും ദളിത്, പിന്നാക്ക വോട്ടർമാരും തിരികെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.എന്തായാലും ഡൽഹിയിൽ സി.ജെ.പി. പ്രക്ഷോഭം കടുക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂൺ-ജൂലൈ മാസങ്ങളിൽ ജന്തർ മന്തറിൽ സി.ജെ.പി. നടത്തിയ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. അന്ന് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സി.ജെ.പി. നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുമായി പല തവണ ചർച്ച നടത്തുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശനമായ നിയമം പാസാക്കുകയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനഃസംഘടിപ്പിക്കുകയും ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സി.ജെ.പി.യുടെ ആത്മവിശ്വാസം കുത്തനെ ഉയർന്നത്. എന്തായാലും സ്വയം രാജിവയ്ക്കാത്ത പക്ഷം പാർലമെന്റിലെ ഇംപീച്ച്‌മെന്റിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്ക് മാത്രമാണ് പാർലമെന്റിനകത്ത് റോൾ ഉള്ളത്. സഭാ സമ്മേളനം തുടങ്ങുമ്പോൾ സഭയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണക്കിന് വിമർശിക്കാനും എടുത്തുകുടയുവാനും പ്രതിപക്ഷ പാർട്ടികൾ സജ്ജമായി കഴിഞ്ഞു. ഇതോടെയാണ് ഒഴിവാക്കിയ വോട്ടർമാർ ഒന്നൊന്നായി തിരികെ പട്ടികയിലേയ്ക്ക് ഇടംപിടിക്കുന്നത്. എന്നാൽ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരം പിടിച്ചപ്പോൾ പുറത്ത് പോയ വോട്ടർമാർ തിരികെ വോട്ടർ പട്ടികയിൽ ഇടംപിടിക്കുമ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഇനി ഈ വോട്ടർമാർ പട്ടികയിൽ ഇടംപിടിച്ചാലും ഇല്ലെങ്കിലും ബി.ജെ.പിക്ക് ഒന്നുമില്ല. അതുകൊണ്ട് തന്നെ ആവശ്യം കഴിഞ്ഞപ്പോൾ പുറത്ത് പോയവരെ കമ്മിഷൻ തിരികെ കൈപിടിച്ച് ആനയിക്കുകയാണെന്ന് പറയുന്നതിനെ തെറ്റ് പറയാൻ സാധിക്കില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User