അമിത് ഷായുടെ മണ്ഡലത്തിൽ നിർണായക പോരാട്ടം; ബിജെപിക്കെതിരെ കോൺഗ്രസിന്റെ പുതിയ തന്ത്രം
ബിജെപി സ്ഥാനാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ ഗാന്ധിനഗർ കോർപ്പറേഷനിലെ 44 കോൺഗ്രസ് സ്ഥാനാർത്ഥികളെയും റിസോർട്ടിലേക്ക് മാറ്റി പാർട്ടി.
ഗുജറാത്ത് സംസ്ഥാനം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിട്ടാണ് കഴിഞ്ഞ കുറേ നാളുകളായി അറിയപ്പെടുന്നത്. ഒരിക്കൽ കോൺഗ്രസ് കോട്ടയായിരുന്ന ഗാന്ധിയുടെ നാട് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിജെപിയുടെ കുത്തകയാണ്. അവിടെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും തിരിച്ചുവരാനുള്ള അവസാനവട്ട ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഈ വർഷം ആദ്യം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി വൻവിജയമാണ് നേടിയത്. അത് അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതും. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണം പിടിച്ചില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നാടാണ് ഗുജറാത്ത്. അവർക്കെതിരെ ദേശീയതലത്തിൽ നടത്തുന്ന പോരാട്ടം കരുത്താർജ്ജിക്കണമെങ്കിൽ, അല്ലെങ്കിൽ അത് ജനങ്ങൾ ഏറ്റെടുത്തെന്ന് വിലയിരുത്തണമെങ്കിൽ, ഗുജറാത്തിൽ കോൺഗ്രസിന് നില മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഇന്നിപ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് ഒരു സുവർണാവസരമാണ് ഗാന്ധിനഗർ കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ്. ഒക്ടോബർ 11നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ പ്രചാരണച്ചൂടിലാണ് കോൺഗ്രസും ബിജെപിയും, ഒപ്പം ആം ആദ്മി പാർട്ടിയും. അതിനിടയിൽ അതിനാടകീയമായ ചില നീക്കങ്ങളാണ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നേരത്തെ എഎപിയും കോൺഗ്രസും ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മത്സരത്തിൽ നിന്ന് പിന്മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ബിജെപി തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം എപ്പോഴും പയറ്റുന്ന തന്ത്രമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ അത് കണ്ടു, മമത ബാനർജിയുടെ സ്ഥാനാർത്ഥിയെ മത്സരത്തിൽ നിന്ന് പിൻമാറ്റിച്ചു, കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എതിരാളികളെ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ ബിജെപിയെ സംബന്ധിച്ച് ഗാന്ധിനഗർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഒരു അഭിമാനപ്രശ്നം തന്നെയാണ്. കാരണം അമിത് ഷാ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലമാണ് ഗാന്ധിനഗർ. അപ്പോൾ ഗാന്ധിനഗർ കോർപ്പറേഷനിൽ വിജയം നേടേണ്ടത് ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്. കോർപ്പറേഷൻ തൂത്തുവാരുക എന്നതാകും ബിജെപി ആഗ്രഹിക്കുന്നത്. അതിന് പക്ഷേ എതിരാളികൾ ഉണ്ടാകരുത്. അതിന്റെ ഭാഗമായാണ് തങ്ങൾ തോൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്ഥാനാർത്ഥികളെ ചാക്കിലാക്കാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഇതോടെ അതിനെ മറികടക്കാൻ തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അത് മനസ്സിലാക്കി തങ്ങളുടെ സ്ഥാനാർത്ഥികളെയെല്ലാം റിസോർട്ടിലേക്ക് മാറ്റിക്കഴിഞ്ഞു കോൺഗ്രസ്. കോർപ്പറേഷനിൽ 44 ഡിവിഷനുകളാണുള്ളത്. ഈ 44 സ്ഥാനാർത്ഥികളെയും പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നത് വരെ കോൺഗ്രസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പത്രിക പിൻവലിപ്പിക്കാൻ ബിജെപി നേതാക്കളും സർക്കാരും ശ്രമിക്കുന്നെന്നും കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നെന്നുമാണ് കോൺഗ്രസും എഎപിയും ആരോപിക്കുന്നത്.
എന്തായാലും ബിജെപിയുടെ ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സ്ഥാനാർത്ഥികൾ നിൽക്കേണ്ട സമയത്താണ് അവരെ സുരക്ഷിത താവളത്തിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പത്രികാ സമർപ്പണം പൂർത്തിയായത്. 44 വാർഡുകളിലേക്കും മൂന്ന് പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എഎപിയുടെ ഒരു സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ബാക്കി എല്ലാ പത്രികകളും സ്വീകരിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ബിജെപി സമ്മർദ്ദതന്ത്രവുമായി രംഗത്തിറങ്ങിയത്. എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങളെ ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. തോൽവി ഭയന്ന് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ബിജെപിയുടെ മറുപടി. എന്തായാലും സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇന്ന് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ മത്സരചിത്രം വ്യക്തമാകും. അടുത്തമാസം 13നാണ് വോട്ടെണ്ണൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)