‘രാജിവെക്കണം’! ഗ്യാനേഷ് കുമാറിനെതിരെ മുൻ കമ്മീഷണർമാരുടെ കടുത്ത നിലപാട്
ഗ്യാനേഷ് കുമാറിനെതിരെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ രൂക്ഷ വിമർശനവും SIR നടപടിയെച്ചൊല്ലിയ വിവാദങ്ങളും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ശക്തമാകുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയൊരു കറുത്ത അധ്യായം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. രാജ്യം പടുത്തുയർത്തിയ ഏറ്റവും വിശ്വസനീയമായ ഒരു ഭരണഘടനാ സ്ഥാപനം, ഇന്ന് അതിന്റെ വിശ്വാസ്യതയുടെ ആഴക്കടലിൽ മുങ്ങിത്താഴുകയാണ്. 140 കോടി ജനങ്ങളുടെ പരമാധികാരമായ വോട്ടവകാശത്തെ കാത്തുസൂക്ഷിക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം ഇന്ന് സംശയങ്ങളുടെ നിഴലിലാണ്. ജനാധിപത്യത്തിന്റെ കാവൽപ്പുരയ്ക്ക് തീപിടിക്കുമ്പോൾ, കസേരയിൽ ഇരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ ഉയരുന്നത് വെറുമൊരു രാഷ്ട്രീയ ആരോപണമല്ല, മറിച്ച് ഈ കമ്മീഷനെ മുൻപ് നയിച്ചവരുടെ തീതുപ്പുന്ന വാക്കുകളാണ്. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്. വൈ. ഖുറൈശി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഗ്യാനേഷ് കുമാറിനെ വിശേഷിപ്പിച്ചത് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു 'ഏകാധിപതി' എന്നും 'ഗുണ്ട' എന്നുംാണ്! തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് ഗ്യാനേഷ് കുമാർ എന്ന വ്യക്തിയുടെ തറവാട്ടുസ്വത്തല്ലെന്നും, സഹപ്രവർത്തകരെ അടിച്ചമർത്തി മുന്നോട്ടുപോകുന്ന കമ്മീഷന്റെ ഇപ്പോഴത്തെ പോക്ക് ജനാധിപത്യത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഖുറൈശി പരസ്യമായി ആഞ്ഞടിക്കുന്നു. ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിശദീകരണ കുറിപ്പുകൾ വെറും 'ഡാമേജ് കൺട്രോൾ' മാത്രമാണെന്നും കമ്മീഷന്റെ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ അടിയന്തരമായി ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതേസമയം, കമ്മീഷനിലെ നിഷ്പക്ഷ മുഖമായിരുന്ന മുൻ ഇലക്ഷൻ കമ്മീഷണർ അശോക് ലവാസ ഉയർത്തുന്നത് അതിനേക്കാൾ മാരകമായ ചോദ്യങ്ങളാണ്. വോട്ടർമാരെ ചേർക്കുന്നതിനുള്ള ഔദ്യോഗിക ഫോം സിക്സിൽ കമ്മീഷൻ വരുത്തിയ മാറ്റങ്ങൾ തികച്ചും നിയമവിരുദ്ധമാണെന്ന് ലവാസ തുറന്നടിക്കുന്നു. കമ്മീഷന്റെ നടപടികൾ ഒരു ഒടിവു സംഭവിച്ച അസ്ഥിക്ക് മേൽ 'ബാൻഡ് എയ്ഡ്' ഒട്ടിക്കുന്നതുപോലെ പരിഹാസ്യമാണെന്നാണ് ലവാസയുടെ വിമർശനം. ഭരണഘടനാപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ എന്തുകൊണ്ട് മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും, രണ്ട് കമ്മീഷണർമാർ ഒരേ സ്വരത്തിൽ എതിർത്തിട്ടും ചീഫ് ഇലക്ഷൻ കമ്മീഷണർ എങ്ങനെ ഏകപക്ഷീയമായി തീരുമാനങ്ങളുമായി മുന്നോട്ടുപോയെന്നും ലവാസ ചോദിക്കുന്നു. നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് മാറിനിൽക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് ലവാസ വ്യക്തമാക്കുന്നത്.

ഇതിലും വലിയൊരു കുറ്റപത്രം ഇനി ഗ്യാനേഷ് കുമാറിനെതിരെ ഉണ്ടാകാനില്ല. സ്വന്തം സഹപ്രവർത്തകരായ രണ്ട് കമ്മീഷണർമാർ കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ രേഖപ്പെടുത്തിയ ഔദ്യോഗിക വിയോജിപ്പുകളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഗ്യാനേഷ് കുമാർ മുന്നോട്ടുപോയത്. ഒടുവിൽ ഈ ജനാധിപത്യ ധ്വംസനം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുന്നിൽ എത്തിനിൽക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒരു വശത്ത് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾ, മറുവശത്ത് തെരുവിനെ വിറപ്പിക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ. ഈ കനത്ത പ്രഹരങ്ങൾക്ക് മുകളിലാണ് ഗ്യാനേഷ് കുമാറിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടാൻ എത്തുന്നത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് കെ.എസ്.ടി.പി പദ്ധതിയിൽ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും, അതുമായി ബന്ധപ്പെട്ട് മലേഷ്യൻ എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗ്യാനേഷ് കുമാറിനെതിരെ കേരള സർക്കാർ വൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഒരു വശത്ത് അഴിമതിയുടെ വിജിലൻസ് നിഴൽ, മറുവശത്ത് വോട്ടവകാശം കവർന്നുവെന്ന മുൻ മേധാവിമാരുടെ കടുത്ത ആരോപണങ്ങൾ.

തെരുവുകൾ കത്തുകയാണ്! ഡൽഹിയും മുംബൈയും ഹൈദരാബാദും ചെന്നൈയും ഒരേ സ്വരത്തിൽ ഒരു ഭരണഘടനാ മേധാവിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. കോക്രോച്ച് ജനതാ പാർട്ടി എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രമുഖ സിനിമാ-സാംസ്കാരിക പ്രവർത്തകരും പതിനായിരക്കണക്കിന് വിദ്യാർത്ഥികളും തെരുവിലിറങ്ങി പ്രഖ്യാപിക്കുന്നത് ഒന്നുമാത്രം—ഗ്യാനേഷ് കുമാർ അടിയന്തരമായി രാജി വെച്ചൊഴിയണം! 13 കോടിയോളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അകാരണമായി വെട്ടിമാറ്റിയ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' അഥവാ എസ്.ഐ.ആർ എന്ന വിവാദ നടപടി, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പിൻവാതിൽ ചതിയാണെന്ന് തെരുവ് ഉറക്കെ വിളിച്ചുപറയുന്നു. രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഒരേ സ്വരത്തിൽ പ്രതിക്കൂട്ടിലാക്കുമ്പോൾ, സ്വന്തം സഹപ്രവർത്തകർ ഔദ്യോഗികമായി തള്ളിപ്പറയുമ്പോൾ, സുപ്രീം കോടതിയുടെ വാളും വിജിലൻസ് അന്വേഷണവും തലയ്ക്ക് മുകളിൽ തൂങ്ങിനിൽക്കുമ്പോൾ ഗ്യാനേഷ് കുമാറിന് ഇനി ആ കസേരയിൽ തുടരാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത്? ഈ പദവിയിൽ കടിച്ചുതൂങ്ങുന്നത് ഇന്ത്യയുടെ ഭരണഘടനയോടും ജനാധിപത്യത്തോടും ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.
ഇനി ഒരൊറ്റ വഴി മാത്രമേ ഗ്യാനേഷ് കുമാറിന് മുന്നിലുള്ളൂ. അത് അടിയന്തര രാജിയാണ്! ആ രാജിയിലൂടെ മാത്രമേ ഇന്ത്യയുടെ വോട്ടർമാർക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനാകൂ. രാജ്യം കാത്തിരിക്കുകയാണ്, ഈ ജനാധിപത്യ അട്ടിമറിക്ക് എന്ന് അവസാനമുണ്ടാകുമെന്ന് കാണാൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)