ബോർഡ്-കോർപ്പറേഷൻ വിഭജനം പ്രതിസന്ധിയിൽ; യുഡിഎഫിൽ പൊട്ടിത്തെറിക്ക് സാധ്യത

ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനം വൈകുന്നതിനിടെ പിജെ ജോസഫിന് ക്യാബിനറ്റ് പദവി വേണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യം യുഡിഎഫിൽ പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു.

Oct 05, 2026 - 16:42
Updated: 53 minutes ago
0
ബോർഡ്-കോർപ്പറേഷൻ വിഭജനം പ്രതിസന്ധിയിൽ; യുഡിഎഫിൽ പൊട്ടിത്തെറിക്ക് സാധ്യത

ബോർഡ്-കോർപ്പറേഷൻ വിഭജനം യുഡിഎഫിന് വലിയ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഭരണത്തിലേറി നാല് മാസം പിന്നിട്ടിട്ടും ഇപ്പോഴും എൽഡിഎഫ് കാലത്ത് നിയമിച്ചവർ തന്നെയാണ് ബോർഡ്-കോർപ്പറേഷനുകളുടെ തലപ്പത്ത്. യുഡിഎഫിൽ ചർച്ച പൂർത്തിയാകാത്തതാണ് ഇതിന് കാരണം. ജൂലൈ അവസാനം ചേർന്ന യുഡിഎഫ് യോഗത്തിൽ ഓഗസ്റ്റ് പകുതിയോടെ തീരുമാനം എന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. എന്നാൽ സെപ്തംബർ കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല. പിന്നീട് യുഡിഎഫ് യോഗം പോലും വിളിച്ചിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുസ്ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും ഫോർവേഡ് ബ്ലോക്കിന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയും നൽകാനുള്ള തീരുമാനമെടുത്തത്. ഇത് കൂടുതൽ പൊട്ടിത്തെറിയാണ് മുന്നണിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ് തങ്ങളുടെ അവകാശവാദമുയർത്തി രംഗത്ത് വന്നിരിക്കുന്നത് കോൺഗ്രസിന് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്. പാർട്ടി ചെയർമാൻ പിജെ ജോസഫിന് ക്യാബിനറ്റ് പദവി വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ജോസഫ് മാറി നിന്നത് തന്നെ ഇത്തരമൊരു പദവി സ്വപ്നം കണ്ടായിരുന്നു. അത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം പത്ത് ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും പാർട്ടി ആവശ്യപ്പെടുന്നു.

ഏഴ് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകിയിട്ടുമുണ്ട്. മൂന്നാമതൊരു ക്യാബിനറ്റ് പദവി എന്നതാണ് പാർട്ടി മുന്നോട്ട് വെക്കുന്ന ആവശ്യം. അത് പാർട്ടി ചെയർമാന് വേണ്ടിയിട്ടാണ്. ലീഗിനും ഫോർവേഡ് ബ്ലോക്കിനും നൽകിയതിനാൽ കേരളാ കോൺഗ്രസിനെ അവഗണിക്കാൻ ആകാത്ത സാഹചര്യമാണ് കോൺഗ്രസിന്. കൊടുത്തില്ലെങ്കിൽ അത് മുന്നണിക്കുള്ളിലും കുഴപ്പങ്ങൾ സൃഷ്ടിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ജോസഫിന്റെ ക്യാബിനറ്റ് പദവി സംബന്ധിച്ച് തീരുമാനം വേണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കണ്ട് മന്ത്രി മോൻസ് ജോസഫ് ആവശ്യം ഉന്നയിക്കുകയാണ്. ചെയർമാനുള്ള പദവി വൈകുന്നതിൽ സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മുന്നണിക്കുള്ളിലെ വിഷയമാണ്. ഇനി ജോസഫിന് ക്യാബിനറ്റ് പദവി നൽകിയാൽ അത് കേരളാ കോൺഗ്രസിലും വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഉറപ്പ്. കാരണം ജോസഫ് മത്സരിക്കാതെ മാറി നിന്നപ്പോൾ തൊടുപുഴ സീറ്റ് നൽകിയത് മകൻ അപു ജോണിനാണ്. പാർട്ടിക്ക് രണ്ടാമത്തെ ക്യാബിനറ്റ് പദവിയായ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചപ്പോൾ അതും കൊടുത്തത് അപുവിനാണ്.

25 വർഷത്തോളം എംഎൽഎ ആയ തോമസ് ഉണ്ണിയാടനെ പോലെ വളരെ സീനിയറായ ഒരു നേതാവിനെ അവഗണിച്ചാണ് തുടക്കക്കാരനായ അപുവിന് പദവി നൽകിയത്. ഇനി ക്യാബിനറ്റ് പദവി ചോദിച്ച് വാങ്ങുന്നത് പിജെ ജോസഫിന് വേണ്ടിയും. കേരളാ കോൺഗ്രസിന് ലഭിക്കുന്ന പദവികളെല്ലാം കുടുംബസ്വത്താക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. തന്നെ പാർട്ടി അവഗണിക്കുന്നതിലുള്ള കടുത്ത അതൃപ്തി അടുത്തിടെ ഉണ്ണിയാടൻ പരസ്യമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ വിഷയത്തിൽ ഉണ്ണിയാടനെ പിന്തുണച്ചും ജോസഫിന്റെ കുടുംബവാഴ്ചയെ ആക്ഷേപിച്ചും രംഗത്തെത്തുകയും ചെയ്തു. പാർട്ടിയോട് പൂർണമായും ഇടഞ്ഞ് നിൽക്കുകയുമാണ് ഉണ്ണിയാടൻ. പുതിയ സാഹചര്യങ്ങൾ കേരളാ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്നതിൽ തർക്കമില്ല.

മാത്രവുമല്ല, ഇങ്ങനെ ക്യാബിനറ്റ് പദവികൾ ഉണ്ടാക്കിയാൽ അത് സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇതിനെയെല്ലാം ശക്തമായി എതിർത്ത വ്യക്തിയാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന സതീശൻ. അന്ന് പറഞ്ഞതെല്ലാം ഇന്ന് വിഴുങ്ങേണ്ട അവസ്ഥയിലാണ് അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിട്ടത് ധനമന്ത്രി കൂടിയായ സതീശനാണ്. എന്തായാലും ബോർഡ്-കോർപ്പറേഷൻ വിഭജന ചർച്ചകൾക്ക് കോൺഗ്രസ് തുടക്കമിടുകയാണ്. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും പരിഗണന നൽകി വേണം സ്ഥാനങ്ങൾ വീതംവെക്കാൻ. ഒപ്പം സ്വന്തം പാർട്ടിയിലെ സ്ഥാനമോഹികളെ പിണക്കാതെ സൂക്ഷിക്കുകയും വേണം കോൺഗ്രസിന്. മുന്നണിയിലും പാർട്ടിയിലും പൊട്ടിത്തെറി ഉണ്ടാകാതെ എങ്ങനെ സ്ഥാനങ്ങൾ വീതം വെക്കുമെന്ന് കണ്ടറിയാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User