ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; ‘വോട്ട് മോഷണം’ ആരോപണവുമായി രാഹുൽ ഗാന്ധി
ഡൽഹിയിലെ ബേല എസ്റ്റേറ്റിൽ 728 പേരിൽ 727 പേരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ എസ്‌ഐആറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം ശക്തമായി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന് ഒരു ബാധ്യതയായി മാറുകയാണെന്നാണ് വിമർശനം. രാജ്യത്ത് ബിജെപിക്ക് എതിരാകുന്ന വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെ അനധികൃതമായി പട്ടികയിൽ കൂട്ടിച്ചേർക്കുകയും ചെയ്തുവെന്ന ആരോപണമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്നത്. ഇതിനെതിരെ രാജ്യം ധർമസമരം നയിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാ പ്രതിരോധക്കോട്ടകളും ഇളകി കേന്ദ്ര സർക്കാർ നാണംകെടുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രതിപക്ഷം പറയുന്നത്.പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് കോൺഗ്രസ് അതിശക്തമായ സമരത്തിന് നേതൃത്വം നൽകുമ്പോൾ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഉൾപ്പെടെ വിവിധ സംഘടനകളും രംഗത്തുണ്ട്. വിദ്യാർത്ഥികളും യുവജനങ്ങളും പൊതുജനങ്ങളും അടക്കം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരെ രംഗത്തുവരുമെന്നതിന്റെ സൂചനയാണിതെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.അതിനിടയിലാണ് പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ രാജ്യതലസ്ഥാനത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന വോട്ടുതട്ടിപ്പ് രാഹുൽ ഗാന്ധി കയ്യോടെ പിടികൂടിയതെന്ന ആരോപണം ഉയരുന്നത്.

വോട്ടുതട്ടിപ്പിൽ ഗുരുതരമായ ക്രമക്കേടാണ് രാഹുൽ ഗാന്ധി കണ്ടെത്തിയതെന്നാണ് ആരോപണം. ഡൽഹിയിൽ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. 2024ലും 2025ലും നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത സാധാരണക്കാരായ തൊഴിലാളികളുടെ വോട്ടുകളാണ് എസ്‌ഐആറിന്റെ പേരിൽ വെട്ടിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ഏറ്റവും അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ആളുകൾക്ക് എന്തിന്റെ പേരിലാണ് ഇപ്പോൾ വോട്ടവകാശം നഷ്ടപ്പെട്ടതെന്ന ചോദ്യവും രാഹുൽ ഗാന്ധി ഉയർത്തി. ബിജെപി അനുഭാവികളല്ല എന്ന ഒറ്റ കാരണം കൊണ്ടാണ് ഇവരുടെ വോട്ടുകൾ ഒഴിവാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാജ്യത്തുടനീളം ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നതും ഇതുതന്നെയാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.സ്ഥലം സന്ദർശിച്ച രാഹുൽ ഗാന്ധി എസ്‌ഡിഎമ്മുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇത് എസ്‌ഐആർ അല്ല, വോട്ട് മോഷണമാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധി, എസ്‌ഐആറിന് രൂപം നൽകിയവർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലും (എസ്‌ഐആർ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിലും വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം മുന്നോട്ടുവന്നത് ജനങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനം കൂടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെക്കൂടി ചേർത്ത് രാജ്യവ്യാപക സമരമാണ് പ്രതിപക്ഷം ആലോചിക്കുന്നത്. എസ്‌ഐആറിലെ ക്രമക്കേട് ആരോപണങ്ങളെല്ലാം ശരിയാണെന്ന് നേരിട്ട് പറയാതെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി പരിഹാരത്തിനുള്ള അടിയന്തര നടപടികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിന്റെ അർത്ഥം, ഇത്രയും വർഷമായി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതും അത് പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹാര നടപടികളുമായി എത്തിയതുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ഈ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഓരോ പാർട്ടികളും സ്വന്തം നിലയിൽ നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പം സംയുക്ത സമരവും ലക്ഷ്യമിടുന്നുണ്ട്. സെപ്റ്റംബർ 30ന് ചേരുന്ന ഇന്ത്യാ സഖ്യം യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. മുന്നണിയിൽനിന്ന് അകന്നുനിൽക്കുന്ന ഡിഎംകെ, എഎപി അടക്കമുള്ള പാർട്ടികളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുന്ന സാഹചര്യമാണുള്ളതെന്നും പ്രമുഖ ദേശീയ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പ്രാദേശിക രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ധർമസമരത്തിന് പുറപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായിരുന്നു. എസ്‌ഐആർ പരാജയമായിരുന്നു എന്നതിന്റെ സമ്മതപത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച നടപടികളെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഫോം 6ൽ മാറ്റം വരുത്തിയത് നിയമവിരുദ്ധമായതിനാൽ എസ്‌ഐആറിന്റെ തുടർച്ചയായി നടത്തിയ ബിഹാർ, ബംഗാൾ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ സിജെപി ഒക്ടോബർ 2ന് മുംബൈയിലെ ശിവാജി പാർക്കിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനവാസമേഖലകൾക്ക് സമീപമുള്ള ശിവാജി പാർക്ക് നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ യാതൊരു പ്രതിഷേധങ്ങൾക്കും അനുമതി നൽകാൻ സാധിക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിഷേധം ശബ്ദമലിനീകരണത്തിന് കാരണമാകുമെന്ന വാദവും പൊലീസ് മുന്നോട്ടുവച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)