രാജ്ഘട്ടിൽ ഇന്ത്യാ മുന്നണിയുടെ ഐക്യപ്രകടനം; ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം കടുക്കുന്നു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുമ്പോൾ വോട്ടർപട്ടിക വിവാദം കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും മേലുള്ള സമ്മർദം വർധിപ്പിക്കുന്നു.

Oct 09, 2026 - 10:04
Updated: 2 hours ago
0
രാജ്ഘട്ടിൽ ഇന്ത്യാ മുന്നണിയുടെ ഐക്യപ്രകടനം; ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം കടുക്കുന്നു

ഗ്യാനേഷ് കുമാറിനെതിരായ നീക്കം ഓരോ ദിവസവും ശക്തിപ്പെട്ടുവരുന്നതോടെ ജനാധിപത്യത്തിന്റെ കാവൽക്കാരായി ഇന്ത്യാ മുന്നണി മാറുകയാണ്. ഗ്യാനേഷ് കുമാറാണ് പ്രതിയെങ്കിലും പ്രതിഷേധത്തിന്റെ മുഴുവൻ ശ്രദ്ധയും നരേന്ദ്ര മോദിയിലേക്കാണ് കേന്ദ്രീകരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നീങ്ങുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു.
തുടർച്ചയായി രണ്ടാം ദിവസവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപിമാർക്ക് കൊണാട്ട് പ്ലേസിലെ ഇന്നർ സർക്കിളിലുള്ള മോഡ്സ് ഹോട്ടലിൽ ഉച്ചഭക്ഷണം ഒരുക്കി. അതിനുശേഷം രാജ്ഘട്ടിലേക്ക് ലക്ഷ്യമിട്ടായിരുന്നു നേതാക്കളുടെ നീക്കം. ഇതുവരെ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും സമാജ്‌വാദി പാർട്ടിയും സമരത്തിന്റെ മുൻനിരയിൽ അണിചേർന്നത് പ്രതിഷേധത്തിന് കൂടുതൽ ശക്തി പകർന്നു. നൂറുകണക്കിന് പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് എത്തിച്ചേർന്നതോടെ ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും ഹോട്ടലിന് ചുറ്റും സുരക്ഷാവലയം തീർത്തു. മൂന്നുമണിയോടെ മൂന്ന് ബസുകളിലായി എംപിമാർ കൊണാട്ട് പ്ലേസിൽനിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഈ രാജ്യം തന്നെ സ്തംഭിച്ച്പോയ ഒരവസ്ഥ കണ്ടു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാനാവില്ലെന്ന് പൊലീസ് ആദ്യം അറിയിച്ചെങ്കിലും സമാധാനപരമായി പ്രാർഥന നടത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എംപിമാരെ തടഞ്ഞില്ല. പൊലീസ് അനുമതി നൽകിയില്ലെങ്കിൽ ബസുകളിൽത്തന്നെ ഇരുന്ന് പ്രതിഷേധിക്കാനായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നീക്കം.

ജനാധിപത്യത്തെ തകർത്തത് ബിജെപിയാണെന്ന തിരിച്ചറിവ് രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണെന്നും പ്രതിഷേധം കൂടുതൽ കടുപ്പിച്ചാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയതോടെയാകാം ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം നിലപാടിൽ മാറ്റമുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു. എംപിമാരെ വൈകിട്ട് അഞ്ചരയോടെ രാജ്ഘട്ടിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചു.മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ എംപിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷം ഗാന്ധി സമാധിക്ക് സമീപമിരുന്ന് അൽപ്പനേരം പ്രാർഥിച്ചു. മോദിക്കും അമിത് ഷായ്ക്കും നല്ല ബുദ്ധി തോന്നണമെന്ന പ്രാർഥനയോടെ മടങ്ങിയ ഇന്ത്യാ സഖ്യനേതാക്കൾക്ക്, ഭരണാധികാരികളുടെ ബുദ്ധി മാറ്റാൻ കഴിഞ്ഞോ എന്നതിലുപരി സമരരീതി തന്നെ വലിയ വിജയമായി മാറിയെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെ എംപിമാർ രാജ്ഘട്ടിൽനിന്ന് മടങ്ങാൻ തയ്യാറായത് പൊലീസിനും ആശ്വാസമായി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയതെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന അന്തിമ ലക്ഷ്യത്തിലേക്കാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്. ഇന്ന് രാഷ്ട്രപതി ഭവനിലേക്കാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അതും രാജ്യത്ത് വലിയ അലയൊലികൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ച രാജ്യവ്യാപകമാക്കാനും കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയമായും ധാർമികമായും വലിയ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സാധിച്ചിരിക്കുന്നു. ഇന്ത്യാ മുന്നണിയിലെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം തുടങ്ങിയ ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികൾക്കും ഈ വിഷയത്തിലൂടെ ഒന്നിച്ച് ഉറച്ചുനിൽക്കാൻ സാധിച്ചിരിക്കുന്നു. ഒരു ഘട്ടത്തിൽ നിർജീവമായെന്ന് തോന്നിച്ച ഇന്ത്യാ സഖ്യം നൂറുമടങ്ങ് ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണ പ്രക്രിയയായ എസ്‌ഐആർ (SIR), ഫോം 6-ലെ മാറ്റങ്ങൾ തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ ദേശീയശ്രദ്ധയിൽ കൊണ്ടുവരാനും ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംവാദങ്ങൾ തെരുവുകളിലും പാർലമെന്റിലും സജീവമാക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് കമ്മീഷണർമാർ നൽകിയ വിയോജനക്കുറിപ്പുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിപക്ഷ ആരോപണങ്ങൾക്ക് കൂടുതൽ ബലം പകരുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധത്തിലാക്കുകയും ചെയ്തുവെന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കളിപ്പാവയായി മാറിയെന്ന ആരോപണത്തിന് ഈ സംഭവങ്ങൾ കൂടുതൽ പ്രചാരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമപരവും ഭരണഘടനാപരവുമായ സമ്മർദം കേന്ദ്ര സർക്കാരിനുമേൽ ശക്തിപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ സുപ്രീം കോടതിയുടെ ചില പരാമർശങ്ങളും ഇടപെടലുകളും പ്രതിപക്ഷ നിലപാടിന് വലിയ പിന്തുണയായിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ ജനപിന്തുണയും കോടതിയുടെ ഇടപെടലുകളും ഉയർത്തുന്ന സമ്മർദങ്ങൾക്കിടയിൽ അതിശക്തമായി മുന്നേറുന്ന രാഹുൽ ഗാന്ധിക്കും ഇന്ത്യാ സഖ്യത്തിനും ഗ്യാനേഷ് കുമാറിന്റെ രാജി എന്ന ലക്ഷ്യത്തിനപ്പുറം മോദി ഭരണത്തിനെതിരായ രാഷ്ട്രീയ പോരാട്ടവും ശക്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും കാലം പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങൾക്കൊന്നും നിലവിലെ സാഹചര്യത്തിൽനിന്ന് സർക്കാരിനെ എളുപ്പത്തിൽ രക്ഷിക്കാനാകില്ലെന്ന വിലയിരുത്തലുകളും ശക്തിപ്പെടുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User