പിണറായി വിജയനെതിരെ എഫ്.ഐ.ആർ വേണം; ഹൈക്കോടതി ഉത്തരവ്

സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

Oct 09, 2026 - 11:36
Updated: 1 hour ago
0
പിണറായി വിജയനെതിരെ എഫ്.ഐ.ആർ വേണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ,പിണറായിയുടെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിന്മേൽ കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സി.എം.ആർ.എൽ–എക്സാലോജിക് പണമിടപാടിൽ നടത്തിയ അന്വേഷണത്തിനുശേഷമാണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയത്. പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം.

എന്നാൽ, ഇ.ഡിയുടെ റിപ്പോർട്ട് ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പോലീസ് തയ്യാറായില്ല. പകരം, വിഷയത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനാണ് ഡി.ജി.പി. നിർദേശിച്ചത്. ഈ നടപടിയുടെ നിയമസാധുതയാണ് കെ.എം. ഷാജഹാൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ഹർജി പരിഗണിച്ചപ്പോൾ ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു. ഹർജി നിലനിൽക്കുന്നതല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി വിധികൾ നിലവിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, ഹർജിക്കാരന്റെ വാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇ.ഡി. സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി വിധികൾക്ക് അനുസൃതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് അന്വേഷണ ഏജൻസി വാദിച്ചു.പരാതിയിൽ പരാമർശിച്ചിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ പ്രാഥമിക അന്വേഷണത്തിലൂടെ നടപടികൾ നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ നിലപാട്. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ തുടക്കംമുതൽ വിമുഖത പ്രകടിപ്പിച്ചിരുന്നുവെന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. റിപ്പോർട്ടിൽ യു.ഡി.എഫ് നേതാക്കളുടെയും ആഭ്യന്തര മന്ത്രിയുടേതുൾപ്പെടെയുള്ളവരുടെയും പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന സാഹചര്യത്തിലാണ് സർക്കാർ നടപടിയെടുക്കാൻ മടിക്കുന്നതെന്നായിരുന്നു ഉയർന്ന ആക്ഷേപം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User