ഇന്ത്യന്‍ സയന്റിസ്റ്റ്; പാക് സുന്ദരി; രാജ്യത്തെ ഞെട്ടിച്ച പ്രണയ കഥ

ഇന്ത്യന്‍ സയന്റിസ്റ്റ്; പാക് സുന്ദരി; രാജ്യത്തെ ഞെട്ടിച്ച പ്രണയ കഥ

മുന്‍ സീനിയര്‍ ഡി.ആര്‍.ഡി.ഒ സയന്റിസ്റ്റ് പ്രദീപ് കുരുള്‍ക്കര്‍ ഉള്‍പ്പെട്ട സമീപകാലത്തെ ഏറ്റവും പ്രമാദമായ ചാരക്കേസില്‍ അടുത്തയാഴ്ച പൂനെ സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം ചുമതലപ്പെടുത്തിയ ഹണി ട്രാപ്പില്‍ കുടുങ്ങിയ അറുപത്തിരണ്ടുകാരന്‍ ബ്രഹ്മോസ് മിസൈലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി എന്നാണ് സംശയിക്കുന്നത്. പൂനെ സ്‌പെഷ്യല്‍ കോടതി കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്. അടുത്തയാഴ്ച വിചാരണ ആരംഭിക്കും. ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ ബ്രഹ്മോസ് മിസൈല്‍, അഗ്നി 6, റഫായേല്‍ യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ തുടങ്ങിയ രഹസ്യവിവരങ്ങള്‍ അറിയുന്ന കുരുള്‍ക്കറെ സാറ ദാസ്ഗുപ്ത എന്ന് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തിയ ആളാണ് ഹണി ട്രാപ്പില്‍ കുടുക്കിയത്.  

2022 ജൂണില്‍ യാദൃശ്ചികമായാണ് ഇവര്‍ തമ്മില്‍ ബന്ധം ആരംഭിച്ചതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് കരുതുന്നു. ബ്രിട്ടനിലുള്ള സാറ എന്ന് പരിചയപ്പെടുത്തി കുരുള്‍ക്കര്‍ക്ക് ലഭിച്ച വാട്‌സ്ആപ് മെസേജില്‍ നിന്നായിരുന്നു തുടക്കം. ലണ്ടനില്‍ താമസിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എന്നാണ് പരിചയപ്പെടുത്തിയത്. ക്രമേണ അര്‍ധരാത്രി വരെ നീളുന്ന ചാറ്റുകളിലേക്ക് ബന്ധം വളര്‍ന്നു. വോയ്‌സ് കോളുകളായും വീഡിയൊ മെസേജുകളായും പ്രണയസന്ദേശങ്ങളായും ബന്ധം ശക്തമായി. സാറക്ക് ഐ.എസ്.ഐ ബന്ധമുണ്ടാവാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ക്രമേണ സാറ സംഭാഷണങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ ശേഷിയിലേക്ക് നയിച്ചു. സാറയെ സ്വാധീനിക്കാനായി തന്റെ ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കുരുള്‍ക്കര്‍ മസാല ചേര്‍ത്ത് വിളമ്പി. ബ്രഹ്മോസ് മിസൈലിന്റെ ഡിസൈന്‍ വരെയുള്ള 184 പേജ് റിപ്പോര്‍ട്ട് വരെ തന്റെ കൈയിലുണ്ടെന്ന് പൊങ്ങച്ചം പറഞ്ഞു. എട്ടു മാസം നീണ്ട സംഭാഷണ കാലയളവില്‍ ഫിലിപൈന്‍സിന് ഇന്ത്യ കൈമാറിയ ബ്രഹ്മോസ് മിസൈലിന്റെ ഘടന, അഗ്നി 6 ഡവലപ്‌മെന്റ്, മീറ്റിയര്‍ മിസൈല്‍, റഫായേല്‍, ഡ്രോണ്‍ പ്രോജക്ടുകള്‍, ഡി.ആര്‍.ഡി.ഒ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങി അതീവരഹസ്യ വിവരങ്ങള്‍ കുരുള്‍ക്കര്‍ കൈമാറിയെന്നാണ് കരുതുന്നത്. അതീവരഹസ്യമായ പല വിവരങ്ങളും നേരില്‍ കാണുമ്പോള്‍ കൈമാറാമെന്നും സാറക്ക് വാഗ്ദാനം നല്‍കി.

കുരുള്‍ക്കറുടെ ഫോണില്‍ സംശയാസ്പദമായ ചാര അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാറ നിര്‍ദേശിച്ചതായി ആന്റി ടെററിസം സ്‌ക്വാഡ് കരുതുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട ചാര വൈറസുകള്‍ കണ്ടെത്തിയതായാണ് സൂചന.  
അതിര്‍ത്തിക്കപ്പുറത്തേക്കുള്ള സംശയാസ്പദമായ സംഭാഷണങ്ങള്‍ 2023 ഫെബ്രുവരിയിലാണ് ഡി.ആര്‍.ഡി.ഒ കണ്ടെത്തുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ റിക്കവര്‍ ചെയ്തു. ഔദ്യോഗിക രഹസ്യാന്വേഷണ നിയമപ്രകാരം 2023 മെയ് മൂന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2023 ജൂണ്‍ 30നാണ് 1837 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ റിസര്‍ച്ച്ആന്റ് ഡവലപ്‌മെന്റ് എഞ്ചിനിയറിംഗ് ലാബറട്ടറിയുടെ മേധാവി സ്ഥാനത്തു നിന്ന് കുരുള്‍ക്കറെ സസ്‌പെന്റ് ചെയ്തു.പ്രഥമദൃഷ്ട്യാ കുരുള്‍ക്കര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൂനെ സ്‌പെഷ്യല്‍ കോടതി കരുതുന്നത്. 60 സാക്ഷികളെയും 140 രേഖകളും ഒട്ടനവധി ഇലക്ട്രോണിക് റെക്കോര്‍ഡുകളും രഹസ്വാന്വേഷണ വിഭാഗം ഹാജരാക്കിയിരുന്നു. കുരുള്‍ക്കര്‍ ഇപ്പോള്‍ പ്രശസ്തമായ യേരവാദ ജയിലിലാണുള്ളത്.