കേരള തീരത്ത് കള്ളക്കടൽ ഭീഷണി; റെഡ് അലർട്ട്

ഓഗസ്റ്റ് 20 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം

Aug 19, 2026 - 01:18
0
കേരള തീരത്ത് കള്ളക്കടൽ ഭീഷണി; റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഓഗസ്റ്റ് 18 അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജാഗ്രത ആവശ്യമായ തീരമേഖലകൾ

- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

- കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

- എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

- മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

- കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

- കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

- കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പുണ്ട്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം.

തിരമാല ശക്തിപ്പെടുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം.

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User