അഞ്ചാം ക്ലാസുകാരന് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദനം; തലക്ക് ഗുരുതര പരിക്ക്

വേലന്താവളത്ത് പട്ടികജാതി വിദ്യാർഥിക്ക് നേരെ ആക്രമണം; പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുടുംബം

Aug 19, 2026 - 12:07
0
അഞ്ചാം ക്ലാസുകാരന് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദനം; തലക്ക് ഗുരുതര പരിക്ക്

പാലക്കാട് അഞ്ചാം ക്ലാസുകാരന് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമർദനം; തലക്ക് ഗുരുതര പരിക്ക്

വേലന്താവളത്ത് പട്ടികജാതി വിദ്യാർഥിക്കാണ് മർദനമേറ്റത്; പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുടുംബം

പാലക്കാട്: വേലന്താവളത്ത് അഞ്ചാം ക്ലാസുകാരനായ പട്ടികജാതി വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്നാക്ക് ബ്രേക്കിനിടെ മറ്റൊരു വിദ്യാർഥിക്കൊപ്പം കുട്ടി കടയിലേക്ക് പോയിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന വിദ്യാർഥി ഒരു കല്ലെറിഞ്ഞതായും കല്ല് മറ്റൊരാളുടെ ദേഹത്ത് തട്ടിയതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് അഞ്ചാം ക്ലാസുകാരനെ മൂന്ന് പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുതിർന്നവർ തമ്മിലുള്ള സംഘർഷത്തിന് സമാനമായ രീതിയിൽ കൂട്ടമായി കുട്ടിയെ ആക്രമിച്ചെന്നാണ് കുടുംബം പറയുന്നത്. മർദനത്തെ തുടർന്ന് ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ടെന്ന് കണ്ടെത്തിയതോടെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. പട്ടികജാതി വിദ്യാർഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User