പാലിയേക്കര ടോൾ നിരക്ക് കൂട്ടാൻ നീക്കം; ഹൈക്കോടതി അനുമതി കാത്ത് കരാർ കമ്പനി
കാറുകൾക്ക് 90ൽ നിന്ന് 100 രൂപയാകും; വിവിധ വാഹനങ്ങൾക്ക് 10 മുതൽ 35 രൂപ വരെ വർധന
തൃശൂർ: ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കുന്നതിനിടെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിക്കാൻ നീക്കം. സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരേണ്ട പുതുക്കിയ നിരക്കുകൾ സംബന്ധിച്ച് ടോൾ കരാർ കമ്പനി അറിയിപ്പ് പുറത്തിറക്കി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) അനുമതിയോടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
എന്നാൽ, ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പുതുക്കിയ നിരക്ക് ഈടാക്കുകയുള്ളൂവെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കരാർ കമ്പനിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പിരിച്ചുതുടങ്ങാനാണ് സാധ്യത.
10 മുതൽ 35 രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് നിരക്ക് വർധന. ഇതോടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ടോൾ ഇനത്തിൽ അധിക തുക നൽകേണ്ടിവരും.
കാറുകൾക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് നിലവിലെ 90 രൂപയിൽ നിന്ന് 100 രൂപയായി നിരക്ക് ഉയരും. ഒരേ ദിവസം ഒന്നിലധികം യാത്രകൾക്ക് നിലവിലുള്ള 140 രൂപ 145 രൂപയാകും.
ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 160 രൂപയിൽ നിന്ന് 170 രൂപയായും ഒന്നിലധികം യാത്രകൾക്ക് 240 രൂപയിൽ നിന്ന് 255 രൂപയായും നിരക്ക് വർധിക്കും.
ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 320 രൂപയിൽ നിന്ന് 345 രൂപയായും ഒന്നിലധികം യാത്രകൾക്ക് 485 രൂപയിൽ നിന്ന് 515 രൂപയായും ഉയരും.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 515 രൂപയിൽ നിന്ന് 550 രൂപയായും ഒന്നിലധികം യാത്രകൾക്ക് 775 രൂപയിൽ നിന്ന് 825 രൂപയായും നിരക്ക് ഉയരും.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാലിയേക്കരയിലെ ടോൾ പിരിവിന് ഹൈക്കോടതി തടയിട്ടത്. പിന്നീട് ടോൾ പിരിവ് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന കോടതി തടഞ്ഞിരുന്നു. ഇതോടെ 2024ലെ ടോൾ നിരക്കാണ് നിലവിൽ പാലിയേക്കരയിൽ ഈടാക്കുന്നത്.
അടിസ്ഥാന ടോൾ നിരക്കും രാജ്യത്തെ മൊത്തവില സൂചികയും അടിസ്ഥാനമാക്കി എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത്. ഇത്തവണയും പുതുക്കിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തിൽ വരൂ എന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)