തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും

മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ

Sep 01, 2026 - 11:37
0
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. ലഹരിക്കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.

1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയെന്ന കേസിൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലിയെ അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ പ്രതിഭാഗം അഭിഭാഷകനായ കല്ലൂർ സൻഫാറിന്റെ ജൂനിയറായിരുന്നു ആന്റണി രാജു.

വിചാരണക്കോടതി ആൻഡ്രൂ സാൽവദോറിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. തുടർന്ന് അപ്പീൽ നൽകിയ പ്രതി, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് വാദിച്ചു. ഇതിന് പിന്നാലെ ഹൈക്കോടതി പ്രതിയെ വിട്ടയച്ചു.

കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതായുള്ള ആരോപണം പിന്നീട് ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് 1994-ൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും 2006-ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് അയോഗ്യത നേരിടേണ്ടി വന്നു. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടായി.

ശിക്ഷ സ്റ്റേ ചെയ്യണമെന്നും അയോഗ്യത നീക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. തുടർന്നാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്.

ഇന്നത്തെ സെഷൻസ് കോടതി നടപടികൾ കേസിൽ നിർണായകമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User