“ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രതിഷേധം തുടരും”; രാഹുലിന്റെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രം പ്രതിരോധത്തിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിന്റെയും പ്രതിഷേധം അറസ്റ്റുകൾക്കിടയിലും കൂടുതൽ ശക്തമാകുന്നു.

Oct 08, 2026 - 10:11
Updated: 1 hour ago
0
“ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രതിഷേധം തുടരും”; രാഹുലിന്റെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രം പ്രതിരോധത്തിൽ

ഞങ്ങൾ അവസാനിപ്പിക്കില്ല, ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രതിഷേധം തുടരും. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്' ഡൽഹി പോലീസ് തുടർച്ചയായ രണ്ടാംദിനത്തിലും അറസ്റ്റ് ചെയ്ത് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ഈ  ഉറച്ച നിലപാട് സർക്കാരിനെയും അധികാരികളെയും ഒന്നുപോലെ വിറപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുമ്പോൾ, അതിനേക്കാൾ ശക്തമായി പ്രതിരോധമുയർത്താൻ ഇന്ത്യ  സഖ്യം തീരുമാനിച്ചു കഴിഞ്ഞു. അത്രയും കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. തെരുവുകളിൽ അലയടിക്കുന്ന ഈ പ്രതിഷേധജ്വാലയ്ക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണങ്ങളിൽ നിഴലിക്കുന്നത് കടുത്ത ഭയവും പരിഭ്രാന്തിയുമാണ്. ജനങ്ങളുടെ വോട്ടവകാശത്തെയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ തത്ത്വങ്ങളെയും അപമാനിച്ച ഭരണാധികാരികൾക്ക് ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. ഡൽഹിയെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കുന്ന തരത്തിലുള്ള അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്ത്യ സഖ്യത്തിലെ എംപിമാർ ഒന്നടങ്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും അതിനെ തുടർന്നുണ്ടായ പ്രതിഷേധച്ചൂടും രാത്രി വൈകുവോളം നഗരത്തിൽ നിലനിന്നു. ചൊവ്വാഴ്ചത്തെ മാർച്ചിനിടെ ആകാശവാണി ഭവനിൽ കയറി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരം പോലീസിന്റെയും ഭരണകൂടത്തിന്റെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ബുധനാഴ്ച ഉച്ചയോടെ ജന്തർ മന്തറിലേക്ക് കുത്തിയിരിപ്പ് സമരത്തിനായി എത്തിയ പ്രതിപക്ഷ ജനപ്രതിനിധികളെ വഴിയിൽ തടയാൻ വൻ പോലീസ് സന്നാഹമാണ് അണിനിരന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപിമാർക്കായി സാഗർ രത്ന റെസ്റ്റോറന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു ജന്തർ മന്തറിലേക്കുള്ള പ്രതിഷേധ യാത്ര ആരംഭിച്ചത്. ജനപ്രതിനിധികൾ മൂന്ന് ബസുകളിലായി അണികളോടൊപ്പം മുന്നേറിയപ്പോൾ, ജന്തർ മന്തറിന് തൊട്ടടുത്ത് വെച്ച് വഴി ബാരിക്കേഡുകൾ ഉയർത്തി പോലീസ് പൂർണ്ണമായി അടച്ചു. ഇതോടെ റോഡ് തന്നെ ഒരു 'ജന്തർ മന്തർ' ആയി മാറി.റോഡിൽ കിടന്നുകൊണ്ട് അടിച്ചമർത്തലിനെതിരെ പോരാടിയ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ക്രൂരമായി ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാഹുൽ ഗാന്ധിയെ ബരാഖാംബ റോഡ് പോലീസ് സ്റ്റേഷനിലേക്കും പ്രിയങ്ക ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് സജ്ജമാക്കിയ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലേക്കുമാണ് പോലീസ് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയത്. പ്രിയങ്കയുടെയും രാഹുലിന്റെയും ഈ ധീരമായ പോരാട്ടവീര്യം അണികളിൽ വലിയ ആവേശമാണ് പടർത്തിയത്. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചു നിർത്താൻ സാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം വീണ്ടെടുക്കുന്നതുവരെ ഒരു ഇളവും പ്രതിഷേധത്തിന് ഉണ്ടാകില്ല എന്ന വ്യക്തമായ സന്ദേശമാണ് ഈ പോരാട്ടം നൽകുന്നത്.

ഈ പ്രതിഷേധം കേവലം ഒരു പാർട്ടിയുടെയോ ഏതാനും നേതാക്കളുടെയോ മാത്രം പോരാട്ടമല്ല, മറിച്ച് രാജ്യത്തെ വിദ്യാർത്ഥി-യുവാക്കളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെ അതിവിപുലമായൊരു ജനകീയ പ്രക്ഷോഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പോരാട്ടത്തിന് കൂടുതൽ കരുത്തേകിക്കൊണ്ട് വരും ദിവസങ്ങളിൽ സിജെപി, എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എഎസ്എപി തുടങ്ങിയ പ്രമുഖ വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിൽ അണിനിരക്കുന്നതോടെ രാജ്യ തലസ്ഥാനത്തെ തെരുവുകൾ ഇനിയും പ്രക്ഷുബ്ധമാകും. പ്രതിപക്ഷ പാർട്ടികളുടെ ജനപ്രതിനിധികളും വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന സൂചനകൾ നൽകിക്കഴിഞ്ഞു. തെറ്റായ തീരുമാനങ്ങളിലൂടെയും ഭരണകൂട അനുകൂല നിലപാടുകളിലൂടെയും ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച കമ്മീഷന് മുന്നിൽ ഇനി മറ്റ് വഴികളില്ല. ജനങ്ങളുടെ പ്രതിഷേധാഗ്നിക്ക് മുന്നിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടി വരും. ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാക്കുന്ന തരത്തിൽ പ്രക്ഷോഭം വളർന്നു കഴിഞ്ഞു, അദ്ദേഹത്തിന്റെ അവസാന ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User