ഡൽഹി പൊലീസ് രാജിനെതിരെ സുപ്രീം കോടതി; മോദി–ഷാ സർക്കാരിന് ഇന്ന് നിർണായക പരീക്ഷണം
ഡൽഹിയിലെ പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളും ഗതാഗത-ഇന്റർനെറ്റ് നിയന്ത്രണങ്ങളും സുപ്രീം കോടതിയുടെ പരിശോധനയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും ഇന്ന് വിശദീകരണം നൽകണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അമിത് ഷായുടെയും കീഴിലുള്ള ഡൽഹി പൊലീസിന്റെയും ക്രൂരമായ നരനായാട്ടാണ് തലസ്ഥാന നഗരിയിൽ അരങ്ങേറിയത്. സ്വന്തം രാജ്യത്തെ പൗരന്മാരെ എങ്ങനെയൊക്കെ ഉപദ്രവിക്കാൻ കഴിയുമോ, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഏതൊക്കെ രീതിയിൽ തല്ലിച്ചതയ്ക്കാൻ സാധിക്കുമോ അതൊക്കെ ഭരണകൂട സവിധാനങ്ങൾ ചെയ്തുതീർത്തു. എന്നാൽ, കേന്ദ്ര ഭരണകൂടത്തിന്റെ ഈ നഗ്നമായ അതിക്രമങ്ങൾക്ക് ശക്തമായി തടയിട്ടുകൊണ്ട് ഞായറാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് മോദി-ഷാ കൂട്ടുകെട്ടിന്റെ ജനവിരുദ്ധ നയങ്ങൾക്കേറ്റ ശക്തമായ പ്രഹരമായിരുന്നു. സമരം പൊളിക്കുക എന്ന ഏക ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ പൊലീസ് സേന, സമാധാനപരമായി പ്രതിഷേധിച്ച പൗരന്മാരെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി, ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ കാറ്റിൽപ്പറത്തുന്ന അധികാരികൾക്കുള്ള പരസ്യമായ താക്കീതായിരുന്നു. പൗരന്മാരുടെ സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിൽ ഏർപ്പെടുത്തിയ എല്ലാവിധ തടസ്സങ്ങളും അടിയന്തരമായി നീക്കാൻ കോടതി കർശനമായി ഉത്തരവിട്ടു. അടിയന്തിരമായി കടുത്ത ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാത്തിടത്തോളം കാലം ഡൽഹി മെട്രോ, തീവണ്ടി സർവീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ വേണ്ടി പൊതുഗതാഗത സംവിധാനങ്ങൾ അടച്ചുപൂട്ടി ജനങ്ങളെ വലയ്ക്കുന്ന ജനവിരുദ്ധവുമായ രീതിയാണ് ബിജെപി ഡൽഹയിൽ പ്രയോഗിച്ചത്. ഗതാഗത സ്ഥിതിയും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ബാരിക്കേഡുകൾ അടിയന്തരമായി നീക്കം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാനും സുപ്രീം കോടതി നിർദ്ദേശിക്കുകയുണ്ടായി.

ഇതിനുപുറമേ, പൗരന്മാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും തടയുന്ന രീതിയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയ ഭരണകൂട നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു . ജനങ്ങളുടെ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുന്ന ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ നീക്കി ഇന്റർനെറ്റ് തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും പരമോന്നത നീതിപീഠം ഉത്തരവിട്ടു. പൊലീസിന്റെ നിയമവിരുദ്ധ തടങ്കലുകളെയും കസ്റ്റഡികളെയും നിഷ്കരുണം ചോദ്യം ചെയ്ത കോടതി, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ആരെയും തടവിൽ വെക്കാൻ പാടില്ലെന്ന് അടിവരയിട്ടു പറഞ്ഞു. പ്രത്യേകിച്ച് നിരോധനാജ്ഞ നിലവിലില്ലാത്ത പ്രദേശങ്ങളിൽ നിരായുധരായി സമാധാനപരമായി തടിച്ചുകൂടുന്ന പൗരന്മാരെ വേട്ടയാടുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ മൂക്കിൻതുമ്പിൽ പോലും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമിച്ച ഭരണകൂട നടപടിയെ വിമർശിച്ച കോടതി, നിയമവാഴ്ചയുടെ പ്രാധാന്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു.എന്നാൽ, കോടതിയുടെ ഉത്തരവ് വന്നിട്ടുപോലും അതിനെ മുഖവിലയ്ക്കെടുക്കാനോ ജനങ്ങളുടെ മൗലികാവകാശങ്ങളെ മാനിക്കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.ഞയറഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി പൊലീസ്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവർക്ക് സുപ്രീം കോടതി അടിയന്തര കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.വിഷയത്തിൽ ചൊവ്വാഴ്ചയ്ക്കകം വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീംകോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആ നിർണ്ണായക ദിനമാണ്. ഡൽഹി പൊലീസ് അടിച്ചേൽപ്പിച്ച അനാവശ്യ നിയന്ത്രണങ്ങൾക്കും കാണിച്ചുകൂട്ടിയ പൊലീസ് രാജിനും കേന്ദ്ര സർക്കാരിന് ഇന്ന് സുപ്രീം കോടതിക്ക് മുൻപിൽ മറുപടി പറയേണ്ടി വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)