ചില്ലറയില്ലെങ്കിൽ യാത്രക്കാർ വഴിയിലിറങ്ങണമോ? നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളിയെ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ
പാലക്കാട്: 43 രൂപയുടെ ബസ് ടിക്കറ്റിന് 500 രൂപ നോട്ട് നൽകിയെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടു. നെല്ലിയാമ്പതി റൂട്ടിലോടുന്ന പാലക്കാട് ഡിപ്പോയുടെ പുതിയ കെ.എസ്.ആർ.ടി.സി സർവീസിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് അതിരുകടന്ന അനാസ്ഥയുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ അമുത എന്ന യാത്രക്കാരിയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം കണ്ടക്ടർ നിർബന്ധപൂർവ്വം ഇറക്കിവിട്ടത്. ജീവനക്കാരുടെ ഈ ക്രൂരമായ പെരുമാറ്റത്തിനെതിരെ പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ചില്ലറത്തർക്കങ്ങളും നിയമവശങ്ങളും: കെ.എസ്.ആർ.ടി.സി ചട്ടങ്ങൾ പറയുന്നത് എന്ത്?
പൊതുഗതാഗത സംവിധാനങ്ങളിൽ ചില്ലറയുടെ പേരിൽ യാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ തർക്കങ്ങൾ പതിവാണെങ്കിലും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് യാത്രക്കാരെ (പ്രത്യേകിച്ച് സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും) വഴിയിൽ ഇറക്കിവിടാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നിയമപരമായി യാതൊരു അവകാശവുമില്ല.

ഡിജിറ്റൽ പണമിടപാട് സംവിധാനം: നിലവിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ക്യു.ആർ കോഡ് ഉപയോഗിച്ച് യു.പി.ഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ) മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാനുള്ള സംവിധാനമുണ്ട്. ഇതൊന്നും ഉപയോഗപ്പെടുത്താതെ യാത്രക്കാരിയെ ഇറക്കിവിട്ടത് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള കടുത്ത വീഴ്ചയാണ്. യു.പി.ഐ സംവിധാനമൊന്നും ഇല്ലെങ്കിൽത്തന്നെ ഇറക്കി വിടുന്നതല്ല ശരിയായ രീതി. 43 രൂപ യുടെ ടിക്കറ്റെടുത്തതിനാൽ കുറഞ്ഞത് ഒരു മണിക്കൂർ സമയം യാത്രക്കാരി ബസിലുണ്ടാകും. കുറച്ചു സമയം കഴിഞ്ഞ് മറ്റു യാത്രക്കാരുടെ ടിക്കറ്റ് എല്ലാം കണ്ടക്ടർ എടുക്കുന്നതോടെ ചില്ലറ കിട്ടുകയും അത് യാത്രക്കാരിക്ക് നൽകാനും കഴിയുമായിരിക്കേയാണ് ഇവിടെ ക്രൂര നടപടിയുണ്ടായത്.
ബാക്കി തുക രേഖപ്പെടുത്തുന്ന രീതി: ചില്ലറ തികയാതെ വരുമ്പോൾ ടിക്കറ്റിന്റെ പുറകിൽ നൽകാനുള്ള ബാക്കി തുക രേഖപ്പെടുത്തി നൽകുകയും, യാത്രയുടെ അവസാനത്തിലോ ഡിപ്പോയിൽ എത്തുമ്പോഴോ ആ തുക തിരികെ നൽകുകയും ചെയ്യുന്ന രീതി കെ.എസ്.ആർ.ടി.സിയിൽ നിലവിലുണ്ട്.
സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമുതയും പ്രദേശവാസികളും ഗതാഗത വകുപ്പ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും ജീവനക്കാരുടെ ഇത്തരം മനോഭാവം പൊതുഗതാഗത സംവിധാനത്തിന്റെ വിശ്വസനീയതയ്ക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)