രാജ്യത്ത് നിന്നും കോൺഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു: അമിത് ഷാ
രാജ്യത്ത് നിന്നും കോൺഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സംഘടിപ്പിച്ച പട്ടികജാതി സംഗമത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിലും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇനി ഭാവി ബിജെപിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കി. കേരളവും മോദിക്കൊപ്പമുള്ള യാത്രയിൽ പങ്കുചേരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആദ്യമായി അവസരം കിട്ടിയപ്പോൾ മോദി സർക്കാർ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗത്തിൽ നിന്നും തെരഞ്ഞെടുത്തു. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂവെന്ന് മോദിജി വിശ്വസിക്കുന്നു.
മോദി സര്‍ക്കാര്‍ കോടി ദരിദ്ര കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി. 5.5 കോടി പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങൾ നിര്‍മിച്ച് നൽകി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും ദളിതർക്കായി എന്ത് ചെയ്തു എന്നതിന്റെ കണക്ക് അവതരിപ്പിക്കണം.
കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്ന നൽകിയില്ല. പുൽവമായ്ക്ക് പാകിസ്ഥാൻ മണ്ണിൽ ചെന്ന് മറുപടി നൽകി. കോണ്‍ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ല. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും അമിത് ഷാ പറഞ്ഞു.