പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

CPM's Central Committee report acknowledges lapses in controlling the Pinarayi government, citing arrogance, corruption, bureaucratic dominance, and anti-incumbency as key reasons for the party's electoral setback in Kerala

പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് സർക്കാരിന്മേൽ പാർട്ടിക്ക് വേണ്ടത്ര നിയന്ത്രണം പുലർത്താനായില്ലെന്ന് തുറന്നുപറഞ്ഞ് സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോർട്ടിൽ, മുൻകാലങ്ങളിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിലയിരുത്താനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും പാർട്ടി ഉപസമിതികൾ പ്രവർത്തിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത്തരം സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നും ഇതുമൂലം പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ദുർബലമായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

പോലീസിന്റെയും ബ്യൂറോക്രസിയുടെയും അമിത സ്വാധീനത്തിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ അതൃപ്തി രൂപപ്പെട്ടിരുന്നുവെന്നും പാർട്ടി പ്രവർത്തകർക്കിടയിലും അതിനെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില മന്ത്രിമാർ ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും ഭരണനടപടികളിൽ പാർട്ടിയുടെ ഇടപെടൽ കുറയാൻ കാരണമായതായി വിലയിരുത്തുന്നു.

മുൻകാലങ്ങളിൽ പാർട്ടിയുടെ ബഹുജന സംഘടനകൾ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങളെ അണിനിരത്തിയിരുന്നെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ അതിന് സാധിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില നേതാക്കളിൽ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി തുടങ്ങിയ പ്രവണതകൾ വളർന്നുവെന്നും അവ യഥാസമയം തിരുത്താതിരുന്നതാണ് പാർട്ടിയിലുള്ള ജനവിശ്വാസം നഷ്ടപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.

സംസ്ഥാന നേതൃത്വം ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നാണ് വിശദീകരിച്ചിരുന്നതെങ്കിലും, ഭരണവിരുദ്ധ വികാരം വ്യക്തമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.ശബരിമല സ്വർണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിരുന്നുവെന്നും അത് സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കിൽ ഈ വിഷയത്തിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടി കുറയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പിഎം ശ്രീ പദ്ധതിയെ ചൊല്ലി സി.പി.ഐയുമായുണ്ടായ അഭിപ്രായഭിന്നത ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് പരിഹരിക്കപ്പെട്ടതെങ്കിലും അതുവരെ വൈകിപ്പോയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ആവശ്യത്തിന് വനിതകൾക്കും യുവാക്കൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാനാർഥിത്വം നൽകാൻ കഴിഞ്ഞില്ലെന്നും അതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളിൽ മാത്രം ഒതുക്കാനാവില്ലെന്നും സംസ്ഥാന നേതൃത്വത്തിനും അതിൽ വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.