പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണം: പത്തനംതിട്ടയിൽ ജില്ലാതല യോഗം ഇന്ന്; മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പുറമെ ഗവേഷണ വിദഗ്ധരും സംരംഭകരും പങ്കെടുക്കും; 2027–2032 കാലയളവിലെ വികസന മുൻഗണനകൾക്ക് രൂപം നൽകും

Oct 30, 2026 - 08:16
0
പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണം: പത്തനംതിട്ടയിൽ ജില്ലാതല യോഗം ഇന്ന്; മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–2032) രൂപീകരണത്തിന്റെ ഭാഗമായി ജില്ലാതല ആശയരൂപീകരണ യോഗം ഇന്ന് (ഒക്ടോബർ 30) നടക്കും. രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗം സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അബിൻ വർക്കി എംഎൽഎ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും പത്തനംതിട്ട ജില്ലയുടെ വികസന ആവശ്യങ്ങളും മുൻഗണനകളും നിർണയിക്കുന്നതിനുമാണ് യോഗം സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ, സംരംഭകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചർച്ചകളിൽ പങ്കാളികളാകും.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ.യു. ജനീഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുണ്‍ സന്തോഷ്, ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയും പദ്ധതി നിർദേശങ്ങളും തയ്യാറാക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് ചർച്ചകൾ നടക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ആദ്യ സെഷനിൽ ജനപ്രതിനിധികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.

ജില്ലയുടെ വികസന ആവശ്യങ്ങൾ, നിലവിലുള്ള പരിമിതികൾ, വിവിധ മേഖലകളിൽ അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്ത് വികസന നിർദേശങ്ങൾ രൂപീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യും.

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട ശ്രീവത്സം ഗ്രാൻഡെയിൽ നടക്കുന്ന രണ്ടാം സെഷനിൽ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിലെ വിഷയവിദഗ്ധരുമായും മികവുറ്റ സംരംഭകരുമായും ആശയവിനിമയം നടത്തും. വികസനത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും ദീർഘകാല വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനും വിദഗ്ധരുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പുതുയുഗ കേരള നിർമിതിക്കായുള്ള വികസന സാധ്യതകൾ കണ്ടെത്തുക, നിലവിലുള്ള പരിമിതികൾ വിലയിരുത്തുക, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുക, ദീർഘകാല വികസന മുൻഗണനകൾ നിശ്ചയിക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തദ്ദേശഭരണ സ്ഥാപനങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിനും യോഗം വേദിയാകും.

പ്രാദേശിക ആവശ്യങ്ങൾക്കും ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്കും അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ ക്രോഡീകരിച്ചാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് രൂപം നൽകുക. അടുത്ത അഞ്ചുവർഷത്തെ ജില്ലയുടെ വികസന ദിശ നിർണയിക്കുന്നതിൽ യോഗം നിർണായകമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User