ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പുതിയ പോർമുഖം; പ്രതിപക്ഷത്തിന്റെ രണ്ടാംഘട്ട സമരം ഇന്ന്

വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്ന ഇന്ത്യാ മുന്നണി ഇന്ന് ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക വിചാരണയിലൂടെ പ്രതിഷേധം ശക്തമാക്കുന്നു.

Oct 30, 2026 - 10:46
Updated: 1 hour ago
0
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പുതിയ പോർമുഖം; പ്രതിപക്ഷത്തിന്റെ രണ്ടാംഘട്ട സമരം ഇന്ന്

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ മുന്നണിയുടെ സമരം ഇന്ന് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പുതിയ സമരമാർഗങ്ങളിലൂടെ രണ്ടാം ഘട്ട പ്രതിഷേധങ്ങൾ ആളിക്കത്തിക്കുക എന്നതാണ് കോൺഗ്രസും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത്. രാജ്യം ഇന്ന് വലിയൊരു പ്രതിസന്ധി ഘട്ടത്തിലെത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ നെടുംതൂണുകളായ പൗരന്മാരിൽ നല്ലൊരു വിഭാഗത്തിന് തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുന്ന ദയനീയ ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഇതിനോടകം രാജ്യത്തെ 13 കോടി വോട്ടർമാരാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ ഇത്രയും ക്രൂരമായ അനീതിക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാടാനുള്ള സന്നാഹങ്ങളൊരുക്കുകയാണ് പ്രതിപക്ഷം. ഈ സമരത്തിന്റെ തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യം ഗ്യാനേഷ് കുമാറിന്റെ രാജിയാണ്. രാജിയില്ലാതെ സന്ധി ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് കോൺഗ്രസും നേതാക്കളും. എന്നാൽ അതിന് കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രതിഷേധത്തിന് തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യാ മുന്നണി. ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി വിചാരണ നടത്തി ഇംപീച്ച് ചെയ്യുകയാണ്. കേന്ദ്രവും ഡൽഹി പൊലീസും ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഈ പരിപാടി നടക്കുന്നത്. അശോക ഹോട്ടലിലും രാംലീല മൈതാനത്തും പരിപാടി നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകിയില്ല. പൊതുവേദിയിൽ ഇത്തരമൊരു പ്രതിഷേധം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ അധികാരികൾ നിന്നതോടെ മറുതന്ത്രം പയറ്റി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിഷേധത്തിന് വേദിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടല്ല അവിടെ ഈ പരിപാടി നടക്കുന്നത്. വസതിയിൽ പാർലമെന്റ് സെഷന്റെ മാതൃകയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടക്കുക. മുൻ സ്പീക്കർ മീരാകുമാർ വിചാരണക്കൊടുവിൽ ഗ്യാനേഷിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും. ഇന്ത്യാ സഖ്യ നേതാക്കൾ മാത്രമല്ല, മുൻ ജഡ്ജിമാരും പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ വലിയൊരു പരിച്ഛേദം തന്നെ പരിപാടിയിൽ പങ്കെടുക്കുകയാണ്. അങ്ങനെ ഇത് വെറുമൊരു സമരമല്ല, മറിച്ച് ഈ രാജ്യത്തിന്റെ ജനാധിപത്യത്തിൽ ആശങ്കയുള്ള ജനങ്ങളുടെ മൊത്തം ശബ്ദമാണെന്ന് വിളിച്ചുപറയുക എന്നതാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

നോക്കൂ, ഈ പ്രതിഷേധത്തിൽ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം തന്നെ വളരെ പ്രസക്തിയുള്ളതാണ്. ജനാധിപത്യം സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നാണ് ഇതിലൂടെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പറയുന്നത്. രാജ്യത്ത് അട്ടിമറിക്കപ്പെട്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കാനുള്ള ധർമസമരമെന്ന നിലയിലാണ് ജനങ്ങളും ഇതിനെ കാണുന്നത് എന്നതിൽ തർക്കമില്ല. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പോലും എസ്.ഐ.ആർ സംവിധാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോൾ രാജ്യം ഇന്ന് എത്തിനിൽക്കുന്ന സാഹചര്യം ഊഹിക്കാവുന്നതാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആകെയുള്ള ഒന്നേമുക്കാൽ കോടി വോട്ടർമാരിൽ 43 ലക്ഷത്തോളം പേർ എസ്.ഐ.ആറിലൂടെ ഒഴിവായിരിക്കുകയാണ്. ഇവരെല്ലാം എവിടെപ്പോയി എന്നാണ് സുപ്രീം കോടതി ചോദിച്ചിരിക്കുന്നത്. നിങ്ങൾ വിവേകപൂർവമാണോ ഇത് ചെയ്തതെന്ന കോടതിയുടെ ചോദ്യം വളരെയേറെ ആഴമുള്ളതാണ്. അങ്ങനെ പരമോന്നത നീതിപീഠത്തെയും സാധാരണ ജനങ്ങളെയും വരെ ആശങ്കയിലേക്ക് തള്ളിവിട്ടുകൊണ്ട് തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത ഏടായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനെ ശുദ്ധീകരിക്കാനുള്ള ദൗത്യമാണ് ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്നത്തെ സമരം കൊണ്ട് അവസാനിക്കുന്നില്ല പോരാട്ടം. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ലക്ഷങ്ങളെ അണിനിരത്തിയുള്ള മെഗാറാലി നടക്കുകയാണ്. തുടർന്നും നിയമപോരാട്ടങ്ങളും സമരപോരാട്ടങ്ങളും സമാന്തരമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. വരുംദിനങ്ങളിൽ രാജ്യമാകെ സമരാഗ്നിയിൽ കത്തുമെന്ന് ഉറപ്പാണ്. അതിന്റെ ആദ്യപടിയായിട്ടാണ് ഇന്ന് ഖാർഗെയുടെ വസതിയിൽ നടക്കുന്ന പ്രതിഷേധത്തെ കാണേണ്ടത്. അതുകൊണ്ടുതന്നെ ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഡൽഹി രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിലേക്കാകും എന്നത് ഉറപ്പാണ്. പരിപാടിക്കെതിരെ പൊലീസ് എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User