ഇനി ജിപിഎസ് സർവ്വേ
കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തെ മറികടക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളിൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.