മാവായിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ ഹൈക്കോടതി റദ്ദാക്കി
യുഎപിഎ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മാവായിസ്റ്റ് നേതാവ് രൂപേഷിനെതിരെ പൊലീസ് ചുമത്തിയ യുഎപിഎ വകുപ്പ് ഹൈക്കോടതി റദ്ദാക്കി. രൂപേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് യുഎപിഎ റദ്ദാക്കിയത്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. ഇവയിൽനിന്നു കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയതിനെ തുടരന്നായിരുന്നു രൂപേഷ് ഹൈക്കോടതിയെ സമീപിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ചാണു രൂപേഷിനെതിരെ കേസെടുത്തത്. യു.എ.പി.എ ചുമത്തുന്നതിനുള്ള സർക്കാർ അനുമതി നിയപ്രകാരം നിശ്ചിത സമയത്ത് നൽകിയില്ലെന്നു കോടതി കണ്ടെത്തി. ആറു മാസങ്ങൾക്കു ശേഷമാണ് സർക്കാർ അനുമതി നൽകിയതെന്നും ഇതു നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പു 124 പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിചാരണ കോടതി നടപടിയും ശരിയല്ലെന്നു കോടതി വിലയിരുത്തി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.