ഇരട്ടക്കൊലപാതകം 25പ്രതികൾക്കും ജീവപര്യന്തം
അരലക്ഷം രൂപ വീതം പിഴയും
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പറഞ്ഞത്. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു.
2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ ആകെ 27 പ്രതികളാണ് ഉള്ളത്. കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്. 2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ(48)യും സഹോദരൻ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബർ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.