സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി പിസി ജോര്‍ജ് 

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി പിസി ജോര്‍ജ് 

കോട്ടയം:  സര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെ പിണറായി വിജയന്‍ പ്രതികരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോര്‍ജ്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വലിയ ആവേശത്തോടെയാണ് പൂര്‍ണമായി കണ്ടതെന്നും എന്നാല്‍ തന്നെ നിരാശപ്പെടുത്തി കളഞ്ഞുവെന്നുമാണ് പി സി ജോര്‍ജ് കത്തില്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നുവെന്നും പിസി കത്തില്‍ കുറിച്ചു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായമെന്ന് എഴുതിയാണ് പി സി ജോര്‍ജ് കത്ത് അവസാനിപ്പിക്കുന്നത്.