ഓണാവധി ആഗസ്റ്റ് 22 മുതൽ; 31ന് സ്കൂളുകൾ തുറക്കും, ഓണപ്പരീക്ഷ 13ന്
Kerala school Onam holidays are officially scheduled from August 22 to 30, with institutions reopening on August 31
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ 13 മുതൽ 20 വരെയാണ് നടക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിച്ച് 20ന് അവസാനിക്കും.

രാവിലെ 10 മുതൽ 12.15 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷാസമയം. വെള്ളിയാഴ്ചകളിൽ ഉച്ചതിരിഞ്ഞുള്ള പരീക്ഷകൾ 2 മണിക്കാണ് ആരംഭിക്കുക.ഓഗസ്റ്റ് 21 പ്രവൃത്തി ദിവസമായിരിക്കും. അന്നേ ദിവസം സ്കൂളുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. തുടർന്ന് ഓഗസ്റ്റ് 22 മുതൽ ഓണാവധി ആരംഭിക്കും. അവധി കഴിഞ്ഞ് ഓഗസ്റ്റ് 31നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.പരീക്ഷാകാലയളവിൽ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ, ആ ദിവസത്തെ പരീക്ഷ ഓഗസ്റ്റ് 21ന് നടത്തും.
അതേസമയം, ഓണത്തോടനുബന്ധിച്ചുള്ള സർക്കാർ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ആറുലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും.16 ഇനങ്ങൾ ഉൾപ്പെടുത്തിയ ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 10 മുതൽ 20 വരെയായിരിക്കും.