കോണ്‍ഗ്രസിനെതിരെ മോന്‍സ് ജോസഫ്; ലക്ഷ്യം എല്‍ഡിഎഫ് 

കോണ്‍ഗ്രസിനെതിരെ മോന്‍സ് ജോസഫ്; ലക്ഷ്യം എല്‍ഡിഎഫ് 

കോട്ടയം:  മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും, എല്‍ഡിഎഫിലെ അസംതൃപ്തരായ കക്ഷികളുടെ സാഹചര്യം പ്രയോജനപ്പെടുത്തുകയും വേണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് രംഗത്ത്. 'എല്‍ഡിഎഫിലെ അതൃപ്തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ല.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് കെ പി സി സി വ്യക്തമാക്കട്ടെ.യു ഡി എഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്.നിലവില്‍ ഒരു ചര്‍ച്ചകളും യുഡിഎഫില്‍ നടന്നിട്ടില്ല.അഭിപ്രായം പറയേണ്ട ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ അഭിപ്രായം പറയും.തല്‍ക്കാലം അനാവശ്യ ചര്‍ച്ചകള്‍ക്കില്ല.യുഡിഎഫില്‍ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല.യു ഡി എഫില്‍ നിന്ന് പോയവരെല്ലാം കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് പോയത്' അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫല്‍ തൃപ്തരല്ലെന്നും ഇടതു മുന്നണിയിലേക്ക് മടങ്ങാന്‍ നീക്കം നടത്തുന്നുമുണ്ടെന്ന ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോന്‍സ് ജോസഫിന്റെ ഈ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.