അങ്കിത ഭണ്ഡാരി കേസ് വീണ്ടും ബിജെപിക്ക് കുരുക്കാകുന്നു; ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനത്തിനെതിരെ ദേശീയ പ്രതിഷേധം

അങ്കിത ഭണ്ഡാരി കൊലക്കേസിൽ നീതി ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ പ്രതിഷേധവും ദുഷ്യന്ത് കുമാർ ഗൗതമിന്റെ ഗവർണർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

Oct 15, 2026 - 11:37
Updated: 1 hour ago
0
അങ്കിത ഭണ്ഡാരി കേസ് വീണ്ടും ബിജെപിക്ക് കുരുക്കാകുന്നു; ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനത്തിനെതിരെ ദേശീയ പ്രതിഷേധം

രാജ്യം മുഴുവന്‍ ബി.ജെ.പിയുടെ ഭരണത്തുടര്‍ച്ചയെക്കുറിച്ച് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, ഒട്ടും പ്രതീക്ഷിക്കാത്ത കോണില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കനത്ത പ്രഹരമേറ്റിരിക്കുന്നത്. ഗവര്‍ണര്‍മാരുടെ അഴിച്ചുപണിയുടെ ഭാഗമായി ഉത്തരാഖണ്ഡിന്റെ മുന്‍ പാര്‍ട്ടി ചുമതലക്കാരനും മുതിര്‍ന്ന ബി.ജെ.പി ദേശീയ നേതാവുമായ ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതോടെയാണ് രാജ്യത്തെ നടുക്കിയ അങ്കിത ഭണ്ഡാരി കൊലപാതക കേസ് വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള 'വനന്താര' റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19-കാരിയായ അങ്കിത ഭണ്ഡാരിയെ 2022 സെപ്റ്റംബര്‍ 18-നാണ് കാണാതാകുന്നത്. ജോലിയില്‍ പ്രവേശിച്ച് വെറും 20 ദിവസത്തിനുള്ളില്‍ നടന്ന ഈ തിരോധാനത്തിന് ശേഷം ആറ് ദിവസത്തിന് ചില്ല കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മുന്‍ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനായ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ റിസോര്‍ട്ട്. റിസോര്‍ട്ടിലെത്തുന്ന അതിഥികള്‍ക്ക് ലൈംഗിക സേവനം നല്‍കാന്‍ അങ്കിതയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും, ഇതിന് വിസമ്മതമറിയിച്ചതിനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

ഈ കൊലപാതക കേസില്‍ മുഖ്യപ്രതിയായ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ, കൂട്ടാളികളായ അങ്കിത് ഗുപ്ത, സൗരഭ് ഭാസ്‌കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് ശേഷം കോടതി മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും, അങ്കിതയോട് 'പ്രത്യേക സേവനങ്ങള്‍' ആവശ്യപ്പെട്ട ആ ദുരൂഹനായ 'വി.ഐ.പി' ആരാണെന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ തുടരുകയാണ്. ഈ കൊലപാതകത്തിലെ അജ്ഞാതനായ വി.ഐ.പി ദുഷ്യന്ത് കുമാര്‍ ഗൗതമാമാണെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുന്ന ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹത്തെ നിയമിച്ചതാണ് വലിയ ജനരോഷത്തിന് കാരണമായത്. ഇതിനെതിരെ മകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ ഡല്‍ഹി ഇന്ത്യ ഗേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഭരണകൂടത്തിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിഷേധം കത്തിപ്പടരുന്നതിനിടയില്‍, സി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഭരണകൂടം സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. സി.ജെ.പി നേതാക്കളെയും യുവജനങ്ങളെയും ജയിലിലടയ്ക്കുകയും, ഇനി സമരങ്ങള്‍ പ്രഖ്യാപിച്ചാല്‍ കടുത്ത ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തുറുങ്കിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ, ആ യുവാക്കളെല്ലാം ഇന്ത്യാ മുന്നണിക്ക് ഒപ്പം ചേരുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യ ഗേറ്റിലെ സമരപ്പന്തലിലെത്തി അങ്കിതയുടെ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ വെറുമൊരു പ്രാദേശിക പ്രതിഷേധമായി ഒതുങ്ങേണ്ടിയിരുന്ന വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും, കേസില്‍ നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടം രാജ്യവ്യാപകമായ ഒരു ജനകീയ മുന്നേറ്റമായി മാറുകയും ചെയ്തു. യുവജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഈ ശക്തമായ കൂട്ടായ്മ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്.

മറ്റൊരു രാഷ്ട്രീയ വിവാദങ്ങളിലോ വര്‍ഗീയ ധ്രുവീകരണങ്ങളിലോ അഭയം പ്രാപിച്ച് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പിക്കോ നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ ഇനി സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. കൊലപാതകത്തിലെ നീതി നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിനും, അതിന് പിന്നിലെ ഉന്നതര്‍ക്കെതിരെയുള്ള തെളിവുകളുടെ സംശയങ്ങള്‍ക്കും മുന്നില്‍ ഭരണകൂടം തികച്ചും പ്രതിരോധത്തിലായിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാര്‍ ഗൗതമിന്റെ ഗവര്‍ണര്‍ നിയമനം മരവിപ്പിക്കണമെന്ന ആവശ്യവും, അതിന് പ്രതിപക്ഷം നല്‍കുന്ന ശക്തമായ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ സല്‍പ്പേരിന് വലിയ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. വര്‍ഗീയ കാര്‍ഡുകളോ രാഷ്ട്രീയ തന്ത്രങ്ങളോ ഉപയോഗിച്ച് ഈ കൊടുംപാതകത്തിന്റെ ഗൗരവത്തെ മറച്ചുപിടിക്കാനാവാതെ, ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പതറുന്ന കേന്ദ്ര സര്‍ക്കാരിനെയാണ് നിലവിലെ സംഭവവികാസങ്ങള്‍ തുറന്നുകാണിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User