അറിയാതെ ഡാറ്റ തീരുന്നുണ്ടോ? ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആപ്പുകൾ ഇതാ

അറിയാതെ ഡാറ്റ തീരുന്നുണ്ടോ? ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആപ്പുകൾ ഇതാ

ഇന്നത്തെ കാലത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവരെ കണ്ടെത്തുക പ്രയാസമാണ്. ഉറക്കമുണർന്നയുടൻ റീലുകളും വീഡിയോകളും സ്ക്രോൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ പലപ്പോഴും ഒരു ദിവസം കഴിയുന്നതിന് മുമ്പേ മൊബൈൽ ഡാറ്റ പാക്ക് തീരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളാണ് മിക്കവരും സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഏതൊക്കെയാണ് കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതെന്ന് പലർക്കും വ്യക്തമായ ധാരണയുണ്ടാകാറില്ല. എല്ലാ ആപ്പുകളും ഒരേ അളവിൽ ഡാറ്റ ഉപയോഗിക്കണമെന്നില്ല. ചില ആപ്പുകൾ ഏതാനും MB ഡാറ്റ മാത്രം ഉപയോഗിക്കുമ്പോൾ, വീഡിയോ സ്ട്രീമിങ്, സോഷ്യൽ മീഡിയ തുടങ്ങിയ ആപ്പുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി GB ഡാറ്റ ചെലവഴിച്ചേക്കാം. നിങ്ങൾ കാണുന്ന വീഡിയോകളുടെ ഗുണനിലവാരം, സംഗീതം സ്ട്രീം ചെയ്യുന്ന രീതി, വീഡിയോ കോളുകളുടെ ദൈർഘ്യവും നിലവാരവും എന്നിവയെല്ലാം ഡാറ്റ ഉപഭോഗത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

യൂട്യൂബിന്റെ കാര്യത്തിൽ വീഡിയോയുടെ റെസല്യൂഷൻ അനുസരിച്ചാണ് ഡാറ്റ ഉപയോഗം. 360p നിലവാരത്തിൽ ഒരു മണിക്കൂർ വീഡിയോ കാണാൻ ഏകദേശം 500 MB ഡാറ്റ ഉപയോഗിക്കാം. 720p (HD) നിലവാരത്തിൽ ഇത് ഏകദേശം 2 GB വരെയും 1080p (Full HD) നിലവാരത്തിൽ ഏകദേശം 3 GB വരെയും എത്താം. 4K UHD നിലവാരത്തിൽ വീഡിയോ സ്ട്രീം ചെയ്യുകയാണെങ്കിൽ മണിക്കൂറിൽ ഏകദേശം 7 മുതൽ 15 GB വരെ ഡാറ്റ ഉപയോഗിക്കാം. എന്നാൽ വീഡിയോയുടെ ബിറ്റ്റേറ്റ്, ഫ്രെയിം റേറ്റ്, കോഡെക് എന്നിവയെ ആശ്രയിച്ച് ഈ കണക്ക് വ്യത്യാസപ്പെടാം.ഓട്ടോ മോഡ് പ്രവർത്തനക്ഷമമാക്കിയാൽ ലഭ്യമായ ഇന്റർനെറ്റ് വേഗതയ്ക്ക് അനുസരിച്ച് യൂട്യൂബ് വീഡിയോയുടെ ഗുണനിലവാരം സ്വയമേവ ക്രമീകരിക്കും. അതിനാൽ ഓരോ തവണയും ഒരേ അളവിൽ ഡാറ്റ ഉപയോഗിക്കണമെന്നില്ല.

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും വീഡിയോയുടെ ഗുണനിലവാരത്തിനനുസരിച്ചാണ് ഡാറ്റ ഉപയോഗം. 360p നിലവാരത്തിൽ ഒരു മണിക്കൂർ വീഡിയോ കാണാൻ ഏകദേശം 300 MB ഡാറ്റ മതിയാകും. 480p നിലവാരത്തിൽ ഇത് ഏകദേശം 700 MB വരെയാകും. 720p മുതൽ 1080p (HD/Full HD) വരെ നിലവാരത്തിലുള്ള വീഡിയോകൾ ഒരു മണിക്കൂർ കാണാൻ ഏകദേശം 3 GB ഡാറ്റ ആവശ്യമായി വരാം. അതേസമയം, 4K UHD നിലവാരത്തിൽ ഇത് മണിക്കൂറിൽ ഏകദേശം 7 GB-ലധികമാകാനും സാധ്യതയുണ്ട്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളും ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. പ്രത്യേകിച്ച് റീലുകളും വീഡിയോകളും തുടർച്ചയായി കാണുമ്പോൾ ഡാറ്റഉപഭോഗം ഗണ്യമായി ഉയരും. ഇൻസ്റ്റഗ്രാമിൽ ഒരു മണിക്കൂർ ഉപയോഗത്തിനിടെ ഏകദേശം 720 MB വരെ ഡാറ്റ ചെലവാകാം. അതേസമയം, ഫേസ്ബുക്കിൽ പോസ്റ്റുകളും ചിത്രങ്ങളും മാത്രം കാണുകയാണെങ്കിൽ മണിക്കൂറിൽ ഏകദേശം 100 MB ഡാറ്റ മതിയാകും. എന്നാൽ വീഡിയോ ഉള്ളടക്കം കൂടുതലായി കാണുമ്പോൾ ഡാറ്റ ഉപയോഗം മണിക്കൂറിൽ ഏകദേശം 500 MB വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ സോഷ്യൽ മീഡിയയിൽ ദീർഘനേരം വീഡിയോകളും റീലുകളും കാണുന്നത് നിങ്ങളുടെ ഡാറ്റ പാക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ തീരാൻ ഇടയാക്കും.