പച്ചയിൽ നിന്ന് കാവിയിലേക്ക്? ഹരിതകർമ്മ സേനയുടെ യൂണിഫോം മാറ്റം വിവാദത്തിൽ

പച്ചയിൽ നിന്ന് കാവിയിലേക്ക്? ഹരിതകർമ്മ സേനയുടെ യൂണിഫോം മാറ്റം വിവാദത്തിൽ

തീർച്ചയയും ഇത് കാവിവൽക്കരണത്തിന്റെ ഭാഗമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക്  നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഹരിതസേനാംഗങ്ങൾ ഇതിനെ എതിർത്തതും. തലസ്ഥാന നഗരത്തിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ യൂണിഫോമിൽ ബി.ജെ.പി ഭരണസമിതി ചില മാറ്റങ്ങൾ വരുത്തി.  വർഷങ്ങളായി ഉപയോഗിച്ചുവന്ന പച്ച നിറത്തിലുള്ള കോട്ടുകൾക്ക് പകരം കാവി നിറത്തോടു സാമ്യമുള്ള പുതിയ കോട്ടുകൾ ഇപ്പോൾ വിതരണം ചെയ്തിരിക്കുകയാണ്. ഹരിതകേരളം മിഷന്റെ ഭാഗമായി 2017-ൽ ഈ സേന രൂപീകരിക്കപ്പെട്ടതു മുതൽ പച്ച നിറമായിരുന്നു ഇവരുടെ ഔദ്യോഗിക അടയാളം.എന്നാൽ ബിജെപി ഇപ്പോൾ കൊണ്ട് വന്നിട്ടുള്ള ഈ മാറ്റം കേരളത്തിന്റെ മതേതര സാമൂഹിക ഘടനയെ തകിടം മറിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം വരുത്തിയതെന്ന മേയർ വി വി  രാജേഷിന്റെ വിശദീകരണം വെറും പുകമറ മാത്രമാണ്. സംസ്ഥാനത്തെ മറ്റ് കോർപ്പറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ ഇത്തരമൊരു മാറ്റം നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ, തിരുവനന്തപുരത്ത് മാത്രം ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പാർട്ടിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നുള്ളത് വളരെ വ്യക്തമാണ്. ഈ അനാവശ്യമായ നിറംമാറ്റം ഹരിതകർമ്മ സേനാംഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള അതൃപ്തിക്കും മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമായിട്ടുണ്ട്.

പുതിയ യൂണിഫോം അണിയാൻ വിസമ്മതിച്ച് പല അംഗങ്ങളും തുടക്കത്തിൽ രംഗത്തുവന്നിരുന്നുവെങ്കിലും, കോർപ്പറേഷൻ അധികൃതരുടെ കർശനമായ നിർദ്ദേശങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി, അനിഷ്ടത്തോടെയാണെങ്കിലും പലർക്കും ഇത് സ്വീകരിക്കേണ്ടി വന്നു. തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുമെന്ന ഭയം മൂലമാണ് പലരും ഈ തീരുമാനത്തിന് മുന്നിൽ താൽക്കാലികമായി വഴങ്ങിയത്. ഒരു ജനകീയ സേവന മേഖലയെ തങ്ങളുടെ വർഗ്ഗീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ ഇത്തരം തന്ത്രങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നതാണ് വസ്തുത. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ പൊതുജന സേവന മേഖലകളെ ഇത്തരത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിച്ചിട്ടില്ല. പോലീസിനും അഗ്നിശമന സേനയ്ക്കുമെല്ലാം നിഷ്പക്ഷത നിലനിർത്താൻ പ്രത്യേക വേഷവിധാനങ്ങൾ ഉള്ളതുപോലെ, ഹരിതകർമ്മ സേനയുടെ സ്വതന്ത്രമായ പ്രവർത്തന അന്തരീക്ഷവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.ഹരിതകർമ്മ സേനയുടെ യൂണിഫോം മാറ്റത്തെച്ചൊല്ലി ഉയർന്നുവന്നിട്ടുള്ള വിവാദം കേവലം ഒരു നിറത്തിന്റെ പ്രശ്നമല്ല, മറിച്ച് കേരളത്തിന്റെ തനതായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലേക്ക് ബി.ജെ.പി നടത്തുന്ന ബോധപൂർവ്വമായ കടന്നുകയറ്റത്തിന്റെ ലക്ഷണമാണെന്ന്  തന്നെയാണ് പറഞ്ഞുവെക്കാനുള്ളത്.  കേരളത്തിലെ ജനങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന മതേതരത്വ മൂല്യങ്ങൾക്കും ജനാധിപത്യ ബോധത്തിനും മേലുള്ള വെല്ലുവിളിയായാണ് ഭരണസമിതിയുടെ ഈ ഏകപക്ഷീയമായ തീരുമാനം. കേരളത്തിലെ ജനങ്ങൾ കൃത്യമായ രാഷ്ട്രീയ ബോധവും പ്രതികരണ ശേഷിയുമുള്ളവരാണ്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതുപോലെയുള്ള പ്രതീകാത്മകമായ വർഗ്ഗീയ തന്ത്രങ്ങളോ അജണ്ടകളോ കേരളത്തിന്റെ മണ്ണിൽ അത്ര എളുപ്പത്തിൽ വിജയിക്കുകയില്ല. വരും ദിവസങ്ങളിൽ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ കക്ഷികൾ ഈ വിഷയമുയർത്തി ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നത് ഉറപ്പാണ്.