പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ തനിച്ചാക്കി ട്രെയിനർ വിമാനത്തിൽനിന്ന് ചാടി ജീവനൊടുക്കി

അർജന്റീനയിൽ പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ വിമാനത്തിൽ തനിച്ചാക്കി ട്രെയിനർ പുറത്തേക്ക് ചാടി ജീവനൊടുക്കി; കടുത്ത മാനസികാഘാതത്തിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് വിദ്യാർഥിനി

Jul 09, 2026 - 19:19
0
പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ തനിച്ചാക്കി ട്രെയിനർ വിമാനത്തിൽനിന്ന് ചാടി ജീവനൊടുക്കി
പ്രതീകാത്​മക ചിത്രം

ബ്യൂണസ് അയേഴ്സ്: പരിശീലനപ്പറക്കലിനിടെ 22 വയസ്സുകാരിയായ വിദ്യാർഥിനിയെ വിമാനത്തിൽ തനിച്ചാക്കി പരിശീലകൻ അന്തരീക്ഷത്തിൽ വച്ച് ചാടി ജീവനൊടുക്കി. അർജന്റീനയിലെ കോർഡോബ പ്രവിശ്യയ്ക്ക് സമീപമുള്ള കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ ജൂലൈ നാലിനാണ് നടുക്കുന്ന സംഭവം നടന്നത്. ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോയാണ് (42) സെസ്‌ന സി-150 പരിശീലന വിമാനത്തിൽ നിന്ന് ചാടിയത്.

വാതിൽ തുറന്ന് പുറത്തേക്ക്... വിമാനത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപ് ലിയാൻഡ്രോ തന്റെ ഹെഡ്‌സെറ്റ് മാറ്റിവെക്കുകയും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും സുരക്ഷിതമായി വച്ച ശേഷം സീറ്റ് ബെൽറ്റ് അഴിക്കുകയുമായിരുന്നു. തുടർന്ന് കോക്‌പിറ്റിന്റെ വാതിൽ തുറന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വായുവിന്റെ കനത്ത സമ്മർദത്തെ അതിജീവിച്ചാണ് അദ്ദേഹം ചെറിയ പരിശീലന വിമാനത്തിന്റെ വാതിൽ തുറന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിൽ നിന്ന് താഴേക്ക് ചാടുന്നതിന് തൊട്ടുമുൻപ് ‘എന്ത് ചെയ്യണമെന്ന് നിനക്കറിയാം... മുന്നോട്ട് പൊയ്ക്കോളൂ’ എന്ന് വിദ്യാർഥിനിയോട് ഇദ്ദേഹം പറഞ്ഞിരുന്നു.

പതറാതെ വിദ്യാർഥിനി, സുരക്ഷിത ലാൻഡിങ് പരിശീലകൻ പെട്ടെന്ന് അപ്രതീക്ഷിതമായി ചാടിയതോടെ പരിഭ്രമിച്ചെങ്കിലും വിദ്യാർഥിനി ഉടൻ തന്നെ കൺട്രോൾ റൂമിലേക്ക് അടിയന്തര സന്ദേശം കൈമാറി. തുടർന്ന് കടുത്ത മാനസികാഘാതത്തിലും പതറാതെ, തന്റെ പരിശീലന പരിചയം ഉപയോഗിച്ച് വിമാനം തിരികെ കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിലെ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. പൂർണ്ണമായും കൃത്യമായ ലാൻഡിങ് ആയിരുന്നുവെന്നും വിദ്യാർഥിനി അസാധാരണമായ പ്രഫഷനലിസമാണ് പ്രകടിപ്പിച്ചതെന്നും ഫ്ലൈറ്റ് സ്കൂൾ ഡയറക്ടർ എഡ്വാർഡോ അൽവാരസ് വ്യക്തമാക്കി.

വിദ്യാർഥിനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ, സമീപത്തെ വയലിൽ നിന്ന് ലിയാൻഡ്രോ ബെർട്ടാസോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാരണം കടുത്ത മാനസിക സമ്മർദം അടുത്തകാലത്തായി ലിയാൻഡ്രോ കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കിയതായി ഫ്ലൈറ്റ് സ്കൂൾ അധികൃതർ പറഞ്ഞു. മരണത്തിന് ഒരാഴ്ച മുൻപ് അദ്ദേഹം മാനസികാരോഗ്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയും തേടിയിരുന്നു. മാതാപിതാക്കൾക്കൊപ്പം കോർഡോബ നഗരത്തിൽ താമസിച്ചിരുന്ന ലിയാൻഡ്രോ അവിവാഹിതനാണ്. വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനും മികച്ച പ്രഫഷനലുമായിരുന്ന ലിയാൻഡ്രോ, സംഭവദിവസം രാവിലെ മറ്റൊരു വിദ്യാർഥിയെക്കൂടി പരിശീലിപ്പിച്ച ശേഷമാണ് ഈ വിദ്യാർഥിനിക്കൊപ്പം പറന്നുയർന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User