ഇന്ന് ദേശീയ കായികദിനം: ക്രിക്കറ്റ് മാത്രം മതിയോ? കായികശക്തിയാകാൻ ഇന്ത്യ ആദ്യം കളിസ്ഥലങ്ങളിലേക്ക് മടങ്ങണം

Aug 29, 2026 - 18:03
0
ഇന്ന് ദേശീയ കായികദിനം: ക്രിക്കറ്റ് മാത്രം മതിയോ? കായികശക്തിയാകാൻ ഇന്ത്യ ആദ്യം കളിസ്ഥലങ്ങളിലേക്ക് മടങ്ങണം

ഗസ്റ്റ് 29 ഇന്ത്യയ്ക്ക് ഒരു സാധാരണ അനുസ്മരണദിനമല്ല. ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഈ ദിവസം ദേശീയ കായികദിനമായി ആചരിക്കുമ്പോൾ, രാജ്യത്തെ കായികഭാവിയെക്കുറിച്ചും ഒരിക്കൽ കൂടി ചിന്തിക്കേണ്ട സമയമാണിത്. ഇത്തവണത്തെ ദേശീയ കായികദിനാചരണത്തിന്റെ കേന്ദ്രസന്ദേശം തന്നെ അതിന് പ്രസക്തമായ ഒരു സൂചന നൽകുന്നു—'ഒരു മണിക്കൂർ കളിസ്ഥലത്ത്'. പ്രത്യേകിച്ച് യുവാക്കളെ ദിവസവും കുറച്ചുസമയം കളിയിലേക്കും ശാരീരികപ്രവർത്തനത്തിലേക്കും തിരികെ കൊണ്ടുവരണമെന്ന ആശയമാണ് കേന്ദ്ര കായിക മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്.

ഈ സന്ദേശത്തിന് പിന്നിൽ ഇന്ത്യയുടെ കായികരംഗത്തെക്കുറിച്ചുള്ള ഒരു വലിയ യാഥാർഥ്യമുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്. കോടിക്കണക്കിന് കുട്ടികളും യുവാക്കളുമുണ്ട്. അസാധാരണമായ ശാരീരിക ശേഷിയും സ്വാഭാവിക പ്രതിഭയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. എന്നിട്ടും ലോകകായികവേദിയിൽ ഇന്ത്യയുടെ സാന്നിധ്യം ജനസംഖ്യയുടെ വലുപ്പത്തിനൊത്ത് വളർന്നിട്ടുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ കൂടുതൽ ഒളിമ്പിക് മെഡലുകൾ നേടണമെങ്കിൽ കൂടുതൽ കായികഇനങ്ങളിൽ പങ്കാളിത്തം വർധിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശവും ഈ ചർച്ചയ്ക്ക് പുതിയ പ്രസക്തി നൽകി. ഇന്ത്യ ചില ഒളിമ്പിക് ഇനങ്ങളിൽ പോലും വേണ്ടത്ര പങ്കാളിത്തം പുലർത്തുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

പ്രശ്നം ഇന്ത്യയിൽ പ്രതിഭയില്ലാത്തതാണോ?

അല്ല.പ്രശ്നം പ്രതിഭയെ കണ്ടെത്താനുള്ള സംവിധാനത്തിന്റെ വ്യാപ്തിയിലും, കുട്ടികളുടെ ജീവിതത്തിൽ കളിക്ക് ലഭിക്കുന്ന സ്ഥാനത്തിലും, കായികത്തെ സമൂഹം കാണുന്ന രീതിയിലുമാണ്.

ഇന്ത്യയിൽ ഒരു കുട്ടി പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ അതിനെ കുടുംബവും സമൂഹവും സ്വാഭാവിക വിജയമായി കാണുന്നു. എന്നാൽ അതേ കുട്ടി മികച്ച ഓട്ടക്കാരനാണെങ്കിൽ, ഫുട്ബോളിൽ കഴിവുള്ളവനാണെങ്കിൽ, നീന്തലിലോ ജിംനാസ്റ്റിക്സിലോ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ആ കഴിവിനെ ഒരു ദീർഘകാല സാധ്യതയായി കാണുന്ന സാഹചര്യം എല്ലായിടത്തും ഒരുപോലെ ശക്തമല്ല. കായികം പല കുടുംബങ്ങൾക്കും ഇപ്പോഴും പഠനത്തിന് ശേഷമുള്ള ഒരു പ്രവർത്തനമാണ്; ജീവിതത്തിന്റെ ഭാഗമോ വിദ്യാഭ്യാസത്തിന്റെ തുല്യഘടകമോ എന്ന നിലയിലേക്ക് അത് പൂർണമായി ഉയർന്നിട്ടില്ല.

ഒരു രാജ്യം ഒളിമ്പിക് മെഡലുകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആദ്യം ആ രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികൾ സ്ഥിരമായി കളിക്കുന്ന സാഹചര്യം ഉണ്ടാകണം. ചാമ്പ്യൻ എന്നത് ഒറ്റപ്പെട്ട് ഉണ്ടാകുന്ന പ്രതിഭയല്ല. കളിക്കുന്ന കുട്ടികളുടെ വലിയ സമൂഹത്തിൽ നിന്ന്, പരിശീലനം ലഭിക്കുന്നവരിൽ നിന്ന്, മത്സരിക്കുന്നവരിൽ നിന്ന്, തോൽവിയും വിജയവും അനുഭവിക്കുന്നവരിൽ നിന്ന് ഉയർന്നുവരുന്ന ഒരാളാണ് ദേശീയതാരം.അതുകൊണ്ട് ഇന്ത്യയുടെ അടുത്ത കായികവിപ്ലവം ഒരു വലിയ സ്റ്റേഡിയത്തിൽ തുടങ്ങണമെന്നില്ല.അത് ഒരു സ്കൂൾ മൈതാനത്തിൽ തുടങ്ങാം.

നയരേഖകളിൽ കായികത്തിന് പ്രാധാന്യമുണ്ട്; യഥാർഥ ജീവിതത്തിൽ എത്രത്തോളം?

ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയവും പിന്നീട് പുറത്തിറക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും ശാരീരിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രത്യേകിച്ച് NCF 2023 വളരെ വ്യക്തമായി പറയുന്നത്, സ്കൂളുകൾ ഫിസിക്കൽ എജ്യുക്കേഷനെ മറ്റ് പാഠ്യവിഷയങ്ങൾക്ക് തുല്യമായ പ്രാധാന്യത്തോടെയും പദവിയോടെയും കാണണമെന്നാണ്. എല്ലാ കുട്ടികളും പതിവായി നടക്കുന്ന ശാരീരിക വിദ്യാഭ്യാസ ക്ലാസുകളിൽ പങ്കെടുക്കണമെന്നും, അതിന് ആവശ്യമായ സമയം, അധ്യാപകർ, ഉപകരണങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നും ചട്ടക്കൂട് വ്യക്തമാക്കുന്നു. കായികത്തിൽ കൂടുതൽ താൽപര്യമുള്ള കുട്ടികൾക്ക് സ്കൂൾ സമയത്തിന് പുറത്തും പരിശീലനസാധ്യത ഒരുക്കണമെന്നും അതിൽ നിർദേശമുണ്ട്. പക്ഷേ നയം പറയുന്നതും സ്കൂളിലെ യാഥാർഥ്യവും തമ്മിൽ ഇപ്പോഴും വലിയ അകലം നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം പരിശോധിക്കേണ്ടതുണ്ട്.

ഒരു സ്കൂളിൽ കളിസ്ഥലം ഉണ്ടെന്നത് മാത്രം അവിടെ ശക്തമായ കായികസംസ്കാരം ഉണ്ടെന്നതിന് തെളിവല്ല. ദിവസേന കളിക്കാൻ സമയം വേണം. പരിശീലനം നൽകാൻ ആളുണ്ടാകണം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യമായി അവസരം ലഭിക്കണം. കായികത്തിൽ പിന്നാക്കമെന്ന് കരുതപ്പെടുന്ന കുട്ടികൾ പോലും പങ്കെടുക്കണം. പ്രത്യേക കഴിവുള്ള കുട്ടിയെ കണ്ടെത്തി അടുത്ത തലത്തിലേക്ക് എത്തിക്കുന്ന സംവിധാനവും വേണം.

ഇന്ത്യയിലെ സ്കൂൾ അടിസ്ഥാനസൗകര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക UDISE+ കണക്കുകൾ ഈ വിഷയത്തിന്റെ മറ്റൊരു വശം കാണിക്കുന്നു. 2024-25 അധ്യയനവർഷത്തിലെ കണക്കുപ്രകാരം രാജ്യത്തെ ഏകദേശം 83 ശതമാനം സ്കൂളുകൾക്ക് കളിസ്ഥലമുണ്ടായിരുന്നു. അതായത്, അഞ്ചിൽ ഏകദേശം ഒരു സ്കൂളിന് ഇപ്പോഴും കളിസ്ഥലമില്ലെന്നർഥം. രാജ്യവ്യാപകമായി 14 ലക്ഷത്തിലേറെ സ്കൂളുകളുള്ള ഒരു വിദ്യാഭ്യാസസംവിധാനത്തിൽ ഈ കുറവ് ചെറിയ കാര്യമല്ല.

ഇവിടെ ഒരു പ്രധാന കാര്യം മനസ്സിലാക്കണം. കളിസ്ഥലമില്ലാത്ത സ്കൂളിൽ നിന്ന് ഒരു കുട്ടിക്ക് വലിയ കായികസ്വപ്നം കാണാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലെ തിരക്കേറിയ പ്രദേശങ്ങളിലും പൊതുകളിസ്ഥലങ്ങൾ കുറയുന്ന സാഹചര്യത്തിൽ സ്കൂൾ മൈതാനം പല കുട്ടികൾക്കും കളിയുടെ ആദ്യവും പ്രധാനവുമായ ഇടമാണ്.

അതുകൊണ്ട് കായികവികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒളിമ്പിക് സ്റ്റേഡിയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമികളും മാത്രം ചർച്ച ചെയ്താൽ മതിയാകില്ല. ഒരു കുട്ടിക്ക് ആദ്യമായി ഓടാൻ ലഭിക്കുന്ന സ്ഥലം എവിടെയാണ് എന്ന ചോദ്യത്തിൽ നിന്നാണ് ചർച്ച തുടങ്ങേണ്ടത്.

പ്രശ്നം ക്രിക്കറ്റല്ല; ഒരു കളിയിൽ മാത്രം ഒതുങ്ങുന്ന കായികസംസ്കാരമാണ്

ഇന്ത്യൻ കായികരംഗത്തെക്കുറിച്ചുള്ള ഏത് ചർച്ചയിലും ക്രിക്കറ്റിനെ ഒഴിവാക്കാൻ കഴിയില്ല. രാജ്യത്ത് ക്രിക്കറ്റിന് ലഭിക്കുന്ന ജനപ്രീതിയും സാമ്പത്തികശക്തിയും മാധ്യമശ്രദ്ധയും മറ്റേതൊരു കായികമേഖലയ്ക്കും ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ക്രിക്കറ്റ് ഇന്ത്യയ്ക്ക് വലിയ വിജയങ്ങളും ലോകവ്യാപകമായ സ്വാധീനവും നൽകിയ കായികമാണ്. അതിനെ എതിർക്കുന്നതിൽ അർഥമില്ല.

ഒരു കുട്ടിക്ക് കളി തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമ്പോൾ, അവന്റെ മുന്നിൽ എത്ര കളികൾ യഥാർഥത്തിൽ തുറന്നുകിടക്കുന്നു?

ക്രിക്കറ്റ് അക്കാദമി കണ്ടെത്തുന്നത് താരതമ്യേന എളുപ്പമായിരിക്കാം. എന്നാൽ ഒരു മികച്ച ജിംനാസ്റ്റിക്സ് പരിശീലനകേന്ദ്രം എവിടെയുണ്ട്? ഫെൻസിങ് പഠിപ്പിക്കുന്ന പരിശീലകൻ എവിടെയുണ്ട്? നീന്തൽ പരിശീലനത്തിന് സൗകര്യമുണ്ടോ? അത്ലറ്റിക്സിൽ കഴിവുള്ള കുട്ടിയെ ആരാണ് കണ്ടെത്തുന്നത്? ഒരു ഗ്രാമത്തിലെ മികച്ച വോളിബോൾ താരത്തിന് ജില്ലാതലത്തിലേക്ക് എത്താനുള്ള വഴി എത്ര വ്യക്തമാണ്?ഇന്ത്യയുടെ കായികസംസ്കാരത്തിലെ യഥാർഥ അസമത്വം ഇവിടെയാണ്.ലോകവേദിയിൽ ഇന്ത്യ ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ഗുസ്തിയിലും ബോക്സിങ്ങിലും ഹോക്കിയിലും അത്ലറ്റിക്സിലും പാരാ സ്പോർട്സിലും ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു താരത്തിന്റെ മെഡൽ നേട്ടത്തിന് ശേഷം ആ കായികമേഖലയിലേക്ക് സ്ഥിരമായി കുട്ടികൾ എത്തുന്നുണ്ടോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം.ഒരു ലോകചാമ്പ്യൻ ഉണ്ടാകുന്നത് ഒരു കായികമേഖലയുടെ വളർച്ചയുടെ തുടക്കമാകണം.ഇന്ത്യയിൽ പലപ്പോഴും അത് ഒരു ആഘോഷമായി മാറി അവസാനിക്കുന്നു.

മെഡലിന് പിന്നിൽ കാണാത്ത വലിയ ലോകം

ഒരു ഒളിമ്പിക് മെഡൽ നേടുന്ന താരത്തെ നമ്മൾ കാണുന്നു. വേദിയിൽ ദേശീയപതാക ഉയരുന്നതും ദേശീയഗാനം മുഴങ്ങുന്നതും കാണുന്നു. പക്ഷേ ആ മെഡലിന് മുമ്പുള്ള പത്ത്, പതിനഞ്ച് വർഷത്തെ യാത്ര പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാറില്ല.അവിടെ ഒരു പരിശീലകൻ ഉണ്ടാകും.ഒരു കുടുംബത്തിന്റെ സാമ്പത്തിക പോരാട്ടമുണ്ടാകും.യാത്രാചെലവുണ്ടാകും.പോഷകാഹാരത്തിന്റെ പ്രശ്നമുണ്ടാകും.പരിശീലനസൗകര്യങ്ങളുടെ കുറവുണ്ടാകും.വിദ്യാഭ്യാസവും കായികജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുണ്ടാകും.ഇന്ത്യയുടെ കായികസംവിധാനത്തെക്കുറിച്ച് 2025-ൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി നടത്തിയ അവലോകനം ഈ പ്രശ്നങ്ങളിൽ പലതും ചൂണ്ടിക്കാട്ടിയിരുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ അംഗീകൃത തസ്തികകളിൽ ഏകദേശം 45 ശതമാനം ഒഴിവുകളുണ്ടെന്നും, അടിസ്ഥാനസൗകര്യങ്ങളിലും ധനസഹായത്തിലും പരിഷ്കാരങ്ങൾ ആവശ്യമാണെന്നും കമ്മിറ്റി നിരീക്ഷിച്ചു. ചില ദേശീയ കായികമികവുകേന്ദ്രങ്ങൾ പൂർണമായി പ്രവർത്തനക്ഷമമല്ലെന്നും, ചില സംസ്ഥാനങ്ങളുടെ കായികശേഷിയോട് യോജിച്ച സൗകര്യങ്ങൾ അവിടെയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഏറ്റവും പ്രധാനമായി, കായികവും വിദ്യാഭ്യാസവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സ്ഥാപനസംവിധാനം ശക്തമാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

ഒരു കുട്ടി മികച്ച താരമാകാൻ ശ്രമിക്കുമ്പോൾ അവന്റെ വിദ്യാഭ്യാസം നഷ്ടപ്പെടുമോ എന്ന ഭയം ഇന്ത്യയിലെ പല കുടുംബങ്ങൾക്കും ഉണ്ട്. ആ ഭയം പൂർണമായും അടിസ്ഥാനരഹിതമല്ല. കായികജീവിതം എല്ലായ്പ്പോഴും വിജയകരമാകണമെന്നില്ല. പരിക്ക് സംഭവിക്കാം. തിരഞ്ഞെടുപ്പ് ലഭിക്കാതിരിക്കാം. അതിനാൽ കളിയോ പഠനമോ എന്ന തിരഞ്ഞെടുപ്പ് കുട്ടിയുടെ മുന്നിൽ വയ്ക്കുന്ന സംവിധാനം തന്നെ മാറണം.കളിയും പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന വിദ്യാഭ്യാസഘടനയാണ് വേണ്ടത്.

ജപ്പാനിൽ നിന്ന് ഇന്ത്യ പഠിക്കേണ്ടത് മെഡലുകളുടെ എണ്ണം മാത്രമല്ല

ജപ്പാനെ ഉദാഹരണമായി പറയുമ്പോൾ, അവിടെ ഓരോ കുട്ടിയും ഒരു ദേശീയതാരമാണെന്ന തരത്തിലുള്ള അതിശയോക്തി ആവശ്യമില്ല. ജപ്പാന്റെ യഥാർഥ പാഠം മറ്റൊന്നാണ്- കായികം കുട്ടികളുടെ വിദ്യാഭ്യാസജീവിതത്തിന്റെ സ്വാഭാവിക ഘടകമാക്കാനുള്ള ശ്രമം.

ജപ്പാൻ സ്പോർട്സ് ഏജൻസിയുടെ നയരേഖകൾ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ ജീവിതകാലം മുഴുവൻ കായികം ആസ്വദിക്കാൻ ആവശ്യമായ കഴിവുകളും ശാരീരികശേഷിയും വികസിപ്പിക്കണമെന്ന് വ്യക്തമാക്കുന്നു. സ്കൂളുകളിലെ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് കളി ആസ്വദിക്കാനും പഠനത്തോടുള്ള പ്രചോദനം വർധിപ്പിക്കാനും ഉത്തരവാദിത്വബോധവും കൂട്ടായ്മയും വളർത്താനും സഹായിക്കുന്നതായി ജപ്പാൻ സ്പോർട്സ് ഏജൻസി പറയുന്നു.

എന്നാൽ ജപ്പാന്റെ മാതൃകയെ അന്ധമായി പകർത്തുക എന്നതല്ല ഇന്ത്യയുടെ ലക്ഷ്യം. ജപ്പാനിലും സ്കൂൾ സ്പോർട്സ് ക്ലബ് സംവിധാനത്തെക്കുറിച്ച് പുതിയ പരിഷ്കാരങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. വിദ്യാർഥികളുടെ അവസരങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്കൂൾ ക്ലബ്ബുകളും പ്രാദേശിക കമ്യൂണിറ്റി ക്ലബ്ബുകളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള മാറ്റങ്ങളാണ് അവിടെ നടപ്പാക്കുന്നത്. ഇന്ത്യ ഇതിൽ നിന്ന് പഠിക്കേണ്ട അടിസ്ഥാനതത്വം വളരെ ലളിതമാണ്:കായികം ഒരു ചെറിയ വിഭാഗം കുട്ടികളുടെ മാത്രം കാര്യമാകരുത്. അത് എല്ലാ കുട്ടികൾക്കും ലഭിക്കുന്ന അവസരമാകണം.

ആരോഗ്യം മുതൽ വ്യക്തിത്വം വരെ

കളിയുടെ പ്രാധാന്യം മെഡലുകളിലോ തൊഴിൽസാധ്യതകളിലോ മാത്രം ഒതുങ്ങുന്നില്ല. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ ശാരീരികപ്രവർത്തനത്തിന് വലിയ പങ്കുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏകദേശം 80 ശതമാനം കൗമാരക്കാർ ആവശ്യമായ തോതിൽ ശാരീരികപ്രവർത്തനം നടത്തുന്നില്ല. കുട്ടികളിലും കൗമാരക്കാരിലും സ്ഥിരമായ ശാരീരികപ്രവർത്തനം അസ്ഥികളുടെ ആരോഗ്യം, പേശികളുടെ വളർച്ച, ചലനശേഷി, ബൗദ്ധികവികസനം എന്നിവയ്ക്ക് സഹായകരമാണെന്ന് WHO വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നടത്തിയ ദേശീയതല ആരോഗ്യപഠനത്തിലും കൗമാരക്കാരിൽ ഒരു വിഭാഗം ആവശ്യമായ ശാരീരികപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. നഗരപ്രദേശങ്ങളിലും പെൺകുട്ടികളിലും ഈ പ്രശ്നം കൂടുതൽ പ്രകടമാണെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. സ്കൂളുകളിലും കോളജുകളിലും ശാരീരികപ്രവർത്തനത്തിന് ലഭിക്കുന്ന ശരാശരി സമയം വളരെ പരിമിതമാണെന്നും പഠനം സൂചിപ്പിച്ചു. കുട്ടികൾ കൂടുതൽ സമയം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന കാലത്ത്, പഠനസമ്മർദം വർധിക്കുന്ന സാഹചര്യത്തിൽ, തുറസ്സായ കളിസ്ഥലങ്ങൾ കുറയുമ്പോൾ, കളി ഒരു വിനോദമെന്നതിലുപരി ആരോഗ്യകരമായ ബാല്യത്തിനുള്ള ആവശ്യമായി മാറുന്നു.

സർക്കാർ പദ്ധതികൾ വർധിക്കുന്നു; പക്ഷേ?

ഇന്ത്യയിൽ കായികവികസനത്തിനായി സർക്കാർ സംവിധാനങ്ങൾ ഇല്ലെന്നല്ല. ഖേലോ ഇന്ത്യ പദ്ധതിയുടെ പ്രധാനലക്ഷ്യം തന്നെ രാജ്യത്ത് അടിത്തട്ടിൽ നിന്ന് കായികസംസ്കാരം പുനരുജ്ജീവിപ്പിക്കുകയാണ്. കളിസ്ഥല വികസനം, കായികഅടിസ്ഥാനസൗകര്യങ്ങൾ, സ്കൂൾ-സർവകലാശാല മത്സരസംവിധാനം, പ്രതിഭ കണ്ടെത്തൽ, പരിശീലനകേന്ദ്രങ്ങൾ, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും കായികാവസരങ്ങൾ, സ്കൂൾകുട്ടികളുടെ ശാരീരികക്ഷമത തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ സംവിധാനത്തിലും ആയിരക്കണക്കിന് താരങ്ങൾക്കും പരിശീലകർക്കും പരിശീലനകേന്ദ്രങ്ങൾക്കും പിന്തുണയുണ്ട്. എന്നാൽ പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലുകൾ കാണിക്കുന്നത് പദ്ധതികളും സ്ഥാപനങ്ങളും ഉണ്ടായിരിക്കുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നാണ്. ഒഴിവുകൾ, അസമമായ അടിസ്ഥാനസൗകര്യവിതരണം, ചില കേന്ദ്രങ്ങളുടെ പ്രവർത്തനപ്രശ്നങ്ങൾ, കായികവും വിദ്യാഭ്യാസവും തമ്മിലുള്ള ഏകോപനക്കുറവ് എന്നിവ പരിഹരിക്കാതെ ഒരു സമഗ്ര കായികശക്തിയായി മാറുക ബുദ്ധിമുട്ടാണ്.

അതുകൊണ്ട് ഒരു ദേശീയതല പദ്ധതി ഒരു ഗ്രാമത്തിലെ കുട്ടിയുടെ ജീവിതത്തിൽ എന്ത് മാറ്റം സൃഷ്ടിക്കുന്നു?അവിടെ ഒരു കളിസ്ഥലം ഉണ്ടാകുന്നുണ്ടോ?പരിശീലകൻ ലഭിക്കുന്നുണ്ടോ?പ്രതിഭ കണ്ടെത്തുന്നുണ്ടോ?അടുത്ത മത്സരത്തിലേക്ക് എത്താൻ വഴിയുണ്ടോ?ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമ്പോഴാണ് ഒരു പദ്ധതിയുടെ വിജയം അളക്കേണ്ടത്.

ദേശീയ കായികദിനത്തിൽ ചോദ്യം മാറണം

ഇന്ത്യയിൽ കായികത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വലിയ മത്സരങ്ങൾക്ക് മുമ്പും ശേഷവുമാണ് ശക്തമാകുന്നത്. ഒളിമ്പിക്സ് വരുമ്പോൾ മെഡൽ പട്ടികയെക്കുറിച്ച് സംസാരിക്കും. ഒരു ഇന്ത്യൻ താരം വിജയിക്കുമ്പോൾ ആ കായികത്തെ ആഘോഷിക്കും. പിന്നീട് ശ്രദ്ധ മറ്റൊരിടത്തേക്ക് മാറും.

ഒരു രാജ്യത്ത് എത്ര അന്താരാഷ്ട്ര താരങ്ങളുണ്ട് എന്നതിനേക്കാൾ മുമ്പ് ചോദിക്കേണ്ടത് എത്ര കുട്ടികൾക്ക് സ്ഥിരമായി കളിക്കാൻ അവസരമുണ്ട് എന്നതാണ്. എത്ര സ്കൂളുകളിൽ പരിശീലനം ലഭിക്കുന്നു? എത്ര പെൺകുട്ടികൾ കായികരംഗത്ത് തുടരുന്നു? എത്ര ഗ്രാമങ്ങളിൽ കളിസ്ഥലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്? എത്ര കുട്ടികൾക്ക് അവരുടെ കഴിവ് തിരിച്ചറിയാനുള്ള അവസരം ലഭിക്കുന്നു?

പെൺകുട്ടികൾക്ക് സുരക്ഷിതവും തുല്യവുമായ അവസരങ്ങൾ വേണം.ഭിന്നശേഷിക്കാർക്കും കായികം ഒരു യഥാർഥ അവകാശമായി മാറണം.അതിലും പ്രധാനമായി, കളി ഒരു ഭാവി താരത്തെ സൃഷ്ടിക്കാനുള്ള ഉപകരണം മാത്രമല്ലെന്ന തിരിച്ചറിവ് സമൂഹത്തിന് വേണം. കളി നല്ലൊരു കുട്ടിയെ സൃഷ്ടിക്കാനും സഹായിക്കുന്നു.മേജർ ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ ഇന്ത്യ ഓർക്കേണ്ടത് അദ്ദേഹത്തിന്റെ മെഡലുകൾ മാത്രം അല്ല. ഇന്ത്യയ്ക്ക് ലോകത്തെ കീഴടക്കാനുള്ള കായികശേഷിയുണ്ടെന്ന സത്യമാണ്.പക്ഷേ ആ ശേഷി കണ്ടെത്താൻ ഇന്ത്യയ്ക്ക് പുതിയൊരു സമീപനം വേണം.ദേശീയ കായികദിനത്തിൽ ഇന്ത്യ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അതുകൊണ്ട് ഇതാണ്:

അടുത്ത ഒളിമ്പിക്സിൽ എത്ര മെഡൽ നേടും എന്നതല്ല- നമ്മുടെ രാജ്യത്ത് ഇന്ന് എത്ര കുട്ടികൾക്ക് യഥാർഥത്തിൽ കളിക്കാൻ അവസരമുണ്ട്?

ആ ചോദ്യത്തിന് ശക്തമായ ഉത്തരം കണ്ടെത്തുന്ന ദിവസം ഇന്ത്യ ക്രിക്കറ്റിലെ മഹാശക്തി എന്നതിലുപരി, എല്ലാ അർഥത്തിലും ഒരു യഥാർഥ കായികശക്തിയായി മാറിത്തുടങ്ങും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User