‘ആത്മകഥ തിരുത്താൻ കഴിയില്ല’; സോണിയയുടെ നിലപാടിനെ വാഴ്ത്തി മന്ത്രി റോജി എം. ജോൺ

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്’ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ പിന്മാറിയതിനെച്ചൊല്ലി വിവാദം ശക്തമായിരിക്കെ, പുസ്തകത്തിലെ രാഷ്ട്രീയ പരാമർശങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടെന്ന ആരോപണം ചർച്ചയാകുന്നു.

Aug 29, 2026 - 16:25
Updated: 1 hour ago
0
‘ആത്മകഥ തിരുത്താൻ കഴിയില്ല’; സോണിയയുടെ നിലപാടിനെ വാഴ്ത്തി മന്ത്രി റോജി എം. ജോൺ

സോണിയ ഗാന്ധിയുടെ പുസ്തകത്തെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യം പ്രസക്തമായിക്കഴി‍ഞ്ഞു.. ബിലോങ്ങിങ്-എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ഹൗസ് പിൻമാറിയതോടെയാണ് ഈ ചോദ്യം ഉയർന്നത്. പ്രസാധകർ പുസ്തകത്തിൽ ചില മാറ്റങ്ങൾ നിർദേശിച്ചെങ്കിലും സോണിയ അതിനോട് നോ പറഞ്ഞതോടെയാണ് പെൻഗ്വിന്റെ പിൻമാറ്റമെന്ന വാർത്തകൾ വിവാദത്തിന് ചൂട് പിടിപ്പിച്ചത്.. പെൻഗ്വിൻ ഹൗസ് എന്ന പ്രസാധകരെ കൊണ്ട് മാറ്റങ്ങൾ നിർദേശിപ്പിച്ചതിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.. വിവാദം സംബന്ധിച്ച എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്..

ആർഎസ്എസിനേയും മോദിയേയും കുറിച്ചുളള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്നാണ് ഗെലോട്ട് പറഞ്ഞിരിക്കുന്നത്. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശമുണ്ടായി.. 2015 ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ പ്രസാധകർ സംശയം ഉന്നയിച്ചതായും അഭ്യൂഹമുണ്ടായി.. ഇതോടെയാണ് പെൻഗ്വിന്റെ നിർദേശങ്ങൾക്ക് പിന്നിൽ ചിലരുണ്ടെന്ന സംശയം ഉയർന്നത്. അശോക് ഗെലോട്ട് ആരോപിക്കുന്നത് കേന്ദ്രസർക്കാരിന്റെ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്നാണ്.. അതിനെ അത്ര നിസാരമായി കാണാനുമാകില്ല.. എന്തായാലും ആരുടെയെങ്കിലും നിർദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തി പുസ്തകം പുറത്തിറക്കാൻ താൻ തയ്യാറല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞിരിക്കുന്ന സോണിയ വീണ്ടും തന്റെ ചങ്കുറപ്പ് തുറന്ന് കാട്ടുകയാണ്.. ആർക്ക് മുന്നിലും മുട്ട് മടക്കില്ലെന്ന് ആവർത്തിക്കുകയാണ് 79 ആം വയസിലും സോണിയ എന്ന കോൺഗ്രസിന്റെ പ്രിയങ്കരി ചെയ്യുന്നത്.. ആർഎസ്എസിനും ബിജെപിക്കും എതിരെ ഇക്കാലമത്രയും സന്ധിയില്ലാ പോരാട്ടം നടത്തിയ കോൺഗ്രസിലെ ചുരുക്കും നേതാക്കളിൽ ഒരാളാണ്  സോണിയ.. അതുകൊണ്ട് തന്നെ ആരുടെയെങ്കിലും തിട്ടൂരത്തിന് വഴങ്ങി അവർക്കെതിരെ പറയാനുള്ള കാര്യങ്ങൾ പറയാതിരിക്കാൻ സോണിയ തയ്യാറാകില്ലെന്ന് ഉറപ്പാണ്.. അതാണ് മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം ജോൺ മനോഹരമായി പറഞ്ഞിരിക്കുന്നതും. അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്...

പ്രിയപ്പെട്ട അമ്മ ഇന്ദിരാഗാന്ധിയുടെ വെടിയുണ്ടകളേറ്റ് തുളഞ്ഞുപോയ ശരീരം സ്വന്തം മടിയിൽ വഹിച്ച് ഡൽഹി എയിംസിന്റെ ഇടനാഴിയിലേക്ക് ചോരയിൽ മുങ്ങിക്കുളിച്ച് ഓടിക്കയറിയ ഒരു സോണിയ ഗാന്ധിയുണ്ട്. പ്രാണന്റെ പ്രാണനായ പ്രിയതമന്റെ, ചിന്നിച്ചിതറി മാംസപിണ്ഡങ്ങൾ മാത്രമായിപ്പോയ മൃതദേഹത്തിനരികിൽ ഒരു അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിസ്സഹായയായി മരവിച്ചുനിന്നുപോയ ഒരു സോണിയ ഗാന്ധിയുണ്ട്.  തന്റെ രണ്ട് മക്കളെ ചേർത്തുപിടിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കാൻ വെമ്പിയ ഒരു സോണിയ ഗാന്ധിയുണ്ട്. ഒരിക്കലും ആഗ്രഹിക്കാതിരുന്നിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാരഥ്യം സാഹചര്യങ്ങളാൽ ഏറ്റെടുക്കേണ്ടി വന്ന ഒരു സോണിയ ഗാന്ധി. 2004ൽ ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് തൊട്ടരുകിൽ നിന്ന് Dr. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനെ ചൂണ്ടിക്കാട്ടിയ ഒരു സോണിയ ഗാന്ധിയുണ്ട്.

ജീവിച്ചുതീർത്ത കാലം മുഴുവൻ വിടാതെ പിറകെ കൂടിയ അപവാദ പ്രചാരണങ്ങൾ, അടിമുടി ഇന്ത്യക്കാരിയായി ജീവിച്ചപ്പോഴും വിദേശ വനിതയെന്ന ആക്ഷേപങ്ങൾ, വ്യക്തിപരമായ കനത്ത നഷ്ടങ്ങൾ… അപ്പോഴൊക്കെയും ഏറെക്കുറെ Unfiltered ആയ, Unedited ആയ ഒരു ജീവിതമാണ് സോണിയ ഗാന്ധി ജീവിച്ചുതീർത്തത്. പൊതുസമൂഹത്തിന് മുന്നിൽ അവർ മറച്ചുവെച്ചത് അവരുടെ കണ്ണീരും വ്യഥകളും മാത്രമാണ്. അങ്ങിനെ ഒരാളോടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ആത്മകഥ തിരുത്താൻ ആവശ്യപ്പെടുന്നത്. സാധ്യമല്ല എന്നതിനപ്പുറം ഒരു മറുപടി സോണിയ ഗാന്ധിയിൽ നിന്ന് ഉണ്ടാവുകയില്ലെന്നത് കട്ടായം.

വാക്കുകളിൽ മയപ്പെടുത്തലുകളോ, ലാഭത്തിന് വേണ്ടിയുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതത്തെ രേഖപ്പെടുത്തി വെക്കാൻ ഒരു മനുഷ്യന് അസാധാരണമായ ധൈര്യം വേണം. ആ ധൈര്യം സോണിയ ഗാന്ധിക്കുണ്ട്. ഒരു തുറന്ന പുസ്തകം ആയിരിക്കാനുള്ള അസാമാന്യമായ ധൈര്യം. എന്ന് പറഞ്ഞാണ് റോജി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.. ഇത്രയും വിവാദമായതോടെ ഇനി സോണിയ ഗാന്ധിയുടെ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാകും ഇന്ത്യൻ ജനത എന്നതിൽ സംശയമില്ല..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User