ഗ്രൂപ്പ് പോരാണോ കാരണം? സതീശനെ തടഞ്ഞ അനിലിന്റെ അറസ്റ്റിൽ കോൺഗ്രസിൽ കലഹം

മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റിനെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു.

Aug 29, 2026 - 12:54
0
ഗ്രൂപ്പ് പോരാണോ കാരണം? സതീശനെ തടഞ്ഞ അനിലിന്റെ അറസ്റ്റിൽ കോൺഗ്രസിൽ കലഹം

തലസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശനെ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം തടഞ്ഞതില്‍ വിവാദം കനക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന സതീശന്റെ കര്‍ശന സ്വരത്തില്‍ ഇല്ലെങ്കില്‍ താന്‍ എന്ത് ചെയ്യുമെന്നായിരുന്നു അനിലിന്റെ മറുപടി. പിന്നാലെ കാറില്‍ കയറി മടങ്ങിയ വിഡി സതീശന്‍ കടുത്ത അതൃപ്തിയിലാണ് നില്‍ക്കുന്നത്. ഇതിന് ശേഷം അനിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനെ  രണ്ട് തട്ടിലാക്കിയിട്ടുണ്ട്. ചേന്തി അനിലിനോടുള്ള പെരുമാറ്റത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടത്തു അതൃപ്തിയുണ്ട്. ജില്ലയില്‍ രമേശ് ചെന്നിത്തല പക്ഷത്തെ കരുത്തനായ നേതാവാണ് അനില്‍. ഈ വൈര്യാഗത്തിന്റെ പുറത്താണോ വി ഡി സതീശന്‍ , ചേന്തി അനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് വ്യക്തമല്ല. എന്നാല്‍ അത് തന്നെയാണ് കാരണമെന്ന് അനില്‍ വിശ്വസിക്കുന്നുണ്ട്. നേരത്തെ സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച നടന്ന വേളയില്‍ പരസ്യമായി ചെന്നിത്തലയെ ചേന്തി അനില്‍ പിന്തുണച്ചിരുന്നു. വെറും പിന്തുണയില്‍ ഒതുങ്ങിയില്ല അന്ന് കാര്യങ്ങള്‍. കെപിസിസി ആസ്ഥാനത്തിന് മുമ്പില്‍ ചെന്നിത്തലയ്ക്ക് വേണ്ടി ഫ്‌ളെക്‌സ് സ്ഥാപിക്കുകയും അതില്‍ പാലഭിഷേകം വരെ നടത്തുകയും ചെയ്തിരുന്നു ചേന്തി അനിലും സംഘവും.
ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍, ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴാണ് അനിലില്‍ നിന്ന് പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പറയുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്.  തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റി മുന്നോട്ട് പോയി. ഈ എഫ് ഐ ആറില്‍ കടുത്ത അതൃപ്തി ആഭ്യന്തര മന്ത്രിക്കുണ്ട്. പരസ്യമായി അത് പുറത്ത് വന്നിട്ടില്ലെങ്കിലും പൊലീസ് നടപടി തിടുക്കപ്പെട്ടാണെന്ന് ചെന്നിത്തല ക്യാംപ് വിശ്വസിക്കുന്നുണ്ട്. സാവധാനം പറഞ്ഞ് തീര്‍ക്കാവുന്ന വിഷയം അറസ്റ്റിലുടെ ആളി കത്തിച്ചുവെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്ന വികാരവും ചെന്നിത്തല ക്യാംപിനുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് ഉറപ്പു നല്‍കിയതാണെന്നും അത് പ്രകാരമുള്ള സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഒരുക്കിയതാണെന്നും പറഞ്ഞ ചേന്തി അനില്‍, വഞ്ചനയില്‍ പ്രതിഷേധിച്ചാണ് വഴി തടഞ്ഞതെന്നും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രോട്ടോകോള്‍ പ്രകാരം പങ്കെടുക്കേണ്ട പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നും അത് ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നുവെന്നുമാണ് വി ഡി സതീശന്‍ പക്ഷം പറയുന്നത്. പിന്നെ എന്തിന് വി ഡി സതീശന്റെ ഫോട്ടോ ചേര്‍ത്ത് ഫ്‌ളെക്‌സ് അടിച്ചുവെന്നും, ഇത് പണം തട്ടാനാണെന്നുമൊക്കെ ആക്ഷേപം വരുന്നുണ്ട്. അതൊക്കെ നിഷേധിക്കുന്നു അനിലും സംഘവും. 

എന്തുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തത് എന്ന് അറിയില്ല എന്നും മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് അവിടെ കൂടിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിര്‍ത്തി ഇറക്കിയതെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പെരുമാറ്റം തങ്ങളെ വിഷമത്തിലാക്കി എന്നും അതുകൊണ്ടാണ് പൊതുസമ്മേളനം ഉപേക്ഷിച്ചത് എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതോടെ സിറ്റി പോലീസ് കമ്മിഷണറാണ് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇത് പാര്‍ട്ടിക്കുളളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ രംഗത്ത് വന്നിട്ടുണ്ട്. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. ഇതൊരു ജനാധിപത്യ പാര്‍ട്ടി അല്ലേ എന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് മര്യാദക്കേടാണെന്നും സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണോ ഈ എതിര്‍പ്പുകള്‍ എന്നും വ്യക്തമല്ല. മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും അറസ്റ്റ് മോശമായ രീതിയാണെന്നും സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു.

 കേസെടുക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം പറഞ്ഞത്. പിന്നെ ആരുടെ നിര്‍ദേശപ്രകാരമാണ് കേസും അറസ്റ്റും എന്നും സുഹൈല്‍ ഷാജഹാന്‍ ചോദിച്ചു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, അപമര്യാദയായി പെരുമാറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയെന്നായിരുന്നു ചേന്തി അനിലിന്റെ ആരോപണം. ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം. സംഭവത്തില്‍ അനിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിച്ചേക്കുമെന്ന വിവരം പുറത്ത വരുമ്പോള്‍ അത് പക്ഷെ ചെന്നിത്തല ഏത് രീതിയില്‍ പ്രതിരോധിക്കുമെന്നാണ് ഇനി അറിയാനുളളത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User