ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണം; കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം
തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണറെ സ്ഥാനത്തുനിന്ന് പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് (സെപ്റ്റംബർ 28) കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
എഐസിസിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായാണ് ജില്ലാ തലത്തിൽ മാർച്ചുകൾ നടത്തുന്നത്. സെപ്റ്റംബർ 25ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസുകളിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയായി ഇന്ന് മാർച്ച് നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം.
കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കാലത്ത് സ്വീകരിച്ച തീരുമാനങ്ങളും വോട്ടർപട്ടികയിൽ വരുത്തിയ മാറ്റങ്ങളും സ്വതന്ത്രമായി പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)