രണ്ട് വർഷത്തെ ഒളിവുജീവിതത്തിന് വിരാമം; മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി കുളുവിൽ പിടിയിൽ
316 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവും പിടികൂടിയ കേസിൽ സാമ്പത്തിക സഹായം നൽകിയ പ്രധാന പ്രതി; കൂട്ടാളികൾ അറസ്റ്റിലായതോടെ കുളുവിലേക്ക് കടന്നു.
കൊച്ചി: മയക്കുമരുന്ന് കടത്ത് കേസിലെ മുഖ്യപ്രതി രണ്ട് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷ് എന്ന ജുമാഞ്ചി (32) ആണ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
2024 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, രണ്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകിയ പ്രധാന വ്യക്തിയാണ് രാഗേഷ്. കൂട്ടാളികൾ പിടിയിലായ വിവരം അറിഞ്ഞതോടെ ഇയാൾ കുളുവിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു.
രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹിമാചൽ പ്രദേശിൽ നിന്ന് നെടുമ്പാശേരി പൊലീസ് പ്രതിയെ പിടികൂടിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)