19 വർഷത്തെ നെതന്യാഹു ഭരണം അവസാനിച്ചു? അറബ് വോട്ടുകൾക്കെതിരെ വോട്ടുകൊള്ള ആരോപണം

അറബ് ഇസ്രായേലി പാർട്ടികളുടെ നിർണായക മുന്നേറ്റത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലും വോട്ടുകൊള്ളയും ആരോപിച്ച് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയതോടെ ഇസ്രായേലിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

Oct 30, 2026 - 16:00
Updated: 1 hour ago
0
19 വർഷത്തെ നെതന്യാഹു ഭരണം അവസാനിച്ചു? അറബ് വോട്ടുകൾക്കെതിരെ വോട്ടുകൊള്ള ആരോപണം

ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ 19 വർഷത്തെ കിരാത ഭരണത്തിന് അറുതി വന്നിരിക്കുകയാണ്. അറബ് ഇസ്രായേലി പാർട്ടികൾ കൈകോർത്തതോടെയാണ് നെതന്യാഹു പുറത്തായത്. ഇസ്രായേൽ തിരഞ്ഞെടുപ്പിൽ അറബ് ഇസ്രായേലി പാർട്ടികൾ വിദേശ സഹായത്തോടെ വോട്ടുകൾ മോഷ്ടിച്ചു എന്നാണ് ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ അധികാരം നിലനിർത്താനുള്ള നെതന്യാഹുവിന്റെ പരിധി കടന്ന തന്ത്രങ്ങളാണ്. ഭരണകക്ഷിയായ വലതുപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ജനവിധിയെ അട്ടിമറിക്കാൻ വർഗീയ ധ്രുവീകരണത്തിനായി നെതന്യാഹു ശ്രമിക്കുന്നു എന്നാണ് പരാതി. 30 വർഷത്തിനിടെ 19 വർഷവും ഇസ്രായേൽ ഭരിച്ച 77-കാരനായ നെതന്യാഹുവിന്റെ സഖ്യത്തിന് നാല് വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കേവലഭൂരിപക്ഷം നഷ്ടമായത്. ഇതോടെയാണ് അട്ടിമറി ആരോപണങ്ങളുമായി നെതന്യാഹു രംഗത്തെത്തിയത്.

പലസ്തീനിയൻ സമൂഹങ്ങളിൽ വിദേശ ഫണ്ട് ഉപയോഗിച്ച് വോട്ട് വാങ്ങലും മറ്റ് ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ഇതിൽ ഇന്റേണൽ സെക്യൂരിറ്റി സർവീസായ ഷിൻ ബെറ്റ് അന്വേഷണം നടത്തണമെന്നുമാണ് നെതന്യാഹുവും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ആവശ്യപ്പെട്ടിരിക്കുന്നത്. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ ലികുഡിന്റെയും നീക്കം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയാണെന്നാണ് പ്രധാന പ്രതിപക്ഷ ബ്ലോക്കിന്റെ നേതാവായ ഗാഡി ഐസൻകോട്ട് കുറ്റപ്പെടുത്തുന്നത്. അന്വേഷണങ്ങൾ നിഷ്പക്ഷമായി നടക്കണമെന്നും എന്നാൽ നവംബറിൽ ചേരേണ്ട പുതിയ ഇസ്രായേൽ പാർലമെന്റ് സമ്മേളനം വൈകിപ്പിക്കാൻ ഇത് കാരണമാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നെതന്യാഹുവിന്റെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളും പോലീസും പൂർണമായും തള്ളി. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പിന്മാറണമെന്നും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് മുന്നറിയിപ്പ് നൽകി. ഖത്തറാണ് അറബ് പാർട്ടികളുടെ സ്പോൺസർ എന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. അതേസമയം, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നെതന്യാഹുവിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചു. സ്വന്തം രാഷ്ട്രീയ ഉപദേശകർ ഖത്തറിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നേരിടുമ്പോൾ, സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഖത്തറിന്റെ പേര് പറഞ്ഞ് നെതന്യാഹു ജനാധിപത്യ പ്രക്രിയയിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം.

120 അംഗ നെസെറ്റിൽ പ്രോ-നെതന്യാഹു ബ്ലോക്ക് 53 സീറ്റുകളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളുമാണ് നേടിയത്. ഇതോടെ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, 19 സീറ്റുകൾ നേടിയ ജോയിന്റ് ലിസ്റ്റ്, റാം എന്നീ അറബ് ഇസ്രായേലി പാർട്ടികൾ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന അറബ് ഇസ്രായേലികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഇസ്രായേലിൽ നിലനിൽക്കുന്ന വിവേചനത്തോടുള്ള പ്രതിഷേധവും, ഇതാമർ ബെൻ-ഗ്വിർ, ബെസാലെൽ സ്മോട്രിച്ച് തുടങ്ങിയ തീവ്ര വലതുപക്ഷ മന്ത്രിമാർ വീണ്ടും അധികാരത്തിൽ വരുമോ എന്ന ഭയവുമാണ് അറബ് വോട്ടർമാരെ വൻതോതിൽ ബൂത്തിലെത്തിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User