ഗണേശ ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം; വിഗ്രഹം മറിഞ്ഞുവീണ് രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
22 അടി ഉയരമുള്ള വിഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്താൻ 50 മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അപകടം
മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ദക്ഷിണ മുംബൈയിലെ ഭുലേശ്വർ മേഖലയിലാണ് അപകടം നടന്നത്.
ബലറാം മർച്ചന്റ് റോഡിന് സമീപം രാത്രി 9.51ഓടെയാണ് അപകടമുണ്ടായത്. ബൈക്കുളയിൽ നിന്ന് ഭുലേശ്വറിലെ പന്തലിലേക്ക് കൊണ്ടുപോകുകയായിരുന്ന വിഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം 50–60 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് പെട്ടെന്ന് മറിഞ്ഞുവീണത്.
വിഗ്രഹത്തിനടിയിൽപ്പെട്ടാണ് രണ്ട് പേർ മരിച്ചത്. മരിച്ചവരിൽ പ്രാദേശിക ഗണപതി മണ്ഡലിന്റെ പ്രസിഡന്റ് സങ്കേത് നെവ്ഷെയും 38കാരനായ ബ്രിജേഷ് ഹേമന്ത് ജോഷിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ജിടി ആശുപത്രി, ജെജെ ആശുപത്രി, എച്ച്.എൻ. റിലയൻസ് ആശുപത്രി, സെയ്ഫി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
വിഗ്രഹം ഘടിപ്പിച്ചിരുന്ന ഫ്രെയിമിന്റെ വെൽഡിങ്ങിലെ അപാകതയാകാം അപകടത്തിന് കാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ റോഡിൽ വലിയ കുഴികളോ മറ്റ് ഗുരുതരമായ പ്രശ്നങ്ങളോ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. സംഭവത്തിൽ ഡിബി മാർഗ് പോലീസ് അപകടമരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. അഗ്നിരക്ഷാസേനയും പോലീസും ആംബുലൻസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗണേശ വിഗ്രഹങ്ങളുടെ ഘോഷയാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ദുരന്തം വീണ്ടും ഉയർത്തിക്കാട്ടുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)