'വാറി'ല്‍ തട്ടി വീണ് ജര്‍മനി; വിജയം തട്ടിയെടുത്തുവെന്ന് പരാതി
ഫുട്‌ബോളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് വീഡിയൊ റഫറല്‍ സംവിധാനം (വാര്‍) കൊണ്ടുവന്നത്. എന്നാല്‍ ലോകകപ്പില്‍ വിവാദങ്ങളുടെ പോര്‍മുനയാവുകയാണ് വാര്‍. വാറില്‍ നിഷേധിക്കപ്പെട്ട ഗോളിലാണ് ജര്‍മനി നോക്കൗട്ടില്‍ പാരഗ്വായോട് തോറ്റതും ലോകകപ്പിലെ പ്രി ക്വാര്‍ട്ടര്‍ സ്ഥാനം നഷ്ടപ്പെട്ടതും. ആ ഗോള്‍ ഗോളല്ലെങ്കില്‍ ആഴ്‌സനല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരല്ലെന്നാണ് മുന്‍ ലിവര്‍പൂള്‍ കോച്ചും ജര്‍മന്‍കാരനുമായ യൂര്‍ഗന്‍ ക്ലോപ് ചൂണ്ടിക്കാട്ടുന്നത്. ആ ഗോള്‍ നിഷേധിച്ചത് വലിയ തമാശയാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലന്‍ ഷിയറര്‍ പറയുന്നു. എക്‌സ്ട്രാ ടൈമിന്റെ പതിനാലാം മിനിറ്റില്‍ ജോനാഥന്‍ ടായാണ് ഹെഡറിലൂടെ ജര്‍നിക്ക് വേണ്ടി ഗോള്‍ നേടിയത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ടായുടെ കനത്ത ഹെഡര്‍ ഗോളിയെ കീഴടക്കി. ഗോള്‍ ജര്‍മനി ഗംഭീരമായി ആഘോഷിച്ചു. 15 മിനിറ്റ് കൂടി ചെറുത്തുനിന്നാല്‍ അവര്‍ക്ക് പ്രി ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പായി. എന്നാല്‍ കളി പുനരാരംഭിക്കാനിരിക്കെ റഫറി ജലാല്‍ ജായദിനെ വീഡിയൊ റഫറിമാര്‍ ബന്ധപ്പെട്ടു. ടായുടെ ഹെഡറിന് അല്‍പം മുമ്പ് നടന്ന സംഭവം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജര്‍മനിയുടെ വാള്‍ഡമര്‍ ആന്റന്റെ ശരീരം തട്ടി പാരഗ്വായ് ഗോളി വീണതാണ് സംഭവം. വളരെ ചെറിയ സമ്മര്‍ദ്ദത്തില്‍ തന്നെ ഗോളി നാടകീയമായി വീഴുകയായിരുന്നുവെന്നാണ് തോന്നിയത്. എന്നാല്‍ ആ ഫൗള്‍ നിലനില്‍ക്കുകയും തൊട്ടുപിന്നാലെയുണ്ടായ ഗോള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള 15 മിനിറ്റില്‍ ആരും ഗോളടിച്ചില്ല. ഷൂട്ടൗട്ടില്‍ ജര്‍മനി പുറത്തായി.
വലിയ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് വാര്‍ ഏര്‍പ്പെടുത്തിയത്. അതില്‍ വാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ നിസ്സാരമായ ഓഫ്‌സൈഡുകളും ഫൗളുകളും പറഞ്ഞ് ഗോള്‍ നിഷേധിക്കുന്ന പ്രവണത വര്‍ധിച്ചു. പലപ്പോഴും ഗോളാഘോഷങ്ങളൊക്കെ കഴിഞ്ഞ ശേഷമാണ് വീഡിയൊ പരിശോധന നടക്കുന്നത്. ഇത് കളിയുടെ പൊലിമ കെടുത്തുകയാണ്. ഈ ലോകകപ്പില്‍ തന്നെ അഞ്ചാമത്തെ വാര്‍ വിവാദമാണ് ഇത്. രണ്ടു തവണ ഇറാന് ഇടിത്തീയായി വാര്‍ തീരുമാനങ്ങള്‍. ഈജിപ്തിനെതിരെയും ബെല്‍ജിയത്തിനെതിരെയും ഇറാന്റെ ഗോളുകള്‍ നിഷേധിക്കപ്പെട്ടത് ആഘോഷങ്ങളൊക്കെ കഴിഞ്ഞ ശേഷമാണ്. ഈ നിഷേധിക്കപ്പെട്ട ഗോളുകള്‍ ഇറാന്റെ പുറത്താകലിലാണ് കലാശിച്ചത്. ഒരു കളി പോലും ഇറാന്‍ തോറ്റിരുന്നില്ല. ജപ്പന്‍-തുനീഷ്യ, ഘാന-ഇംഗ്ലണ്ട മത്സരങ്ങളും വാര്‍ വിധികള്‍ വിവാദമായി.